ആസിഫ് അലി നായകനായി കഴിഞ്ഞ ദിവസം തിയേറ്ററില്‍ എത്തിയ മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ് രേഖാചിത്രം. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആസിഫ് അലിയുടെ ഒരു വീഡിയോ വൈറലാകുകയാണ്. രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിക്കുന്ന വീഡിയോയാണ് ഇത്.
സിനിമയില്‍ രണ്ട് ഷോട്ടുള്ള ഒരു സീനില്‍ ആയിരുന്നു സുലേഖ അഭിനയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ എഡിറ്റിങ്ങിന്റെ സമയത്ത് ആ ഷോട്ടുകള്‍ കട്ട് ചെയ്തു പോയി. താന്‍ ആദ്യമായി അഭിനയിച്ച ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയ സുലേഖ സങ്കടം സഹിക്കാതെ കരയുകയായിരുന്നു.
ഇതേ തിയേറ്ററില്‍ സിനിമ കാണാനെത്തിയ ആസിഫ് അലി സിനിമ കണ്ട് കഴിഞ്ഞ് സുലേഖയെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മനപൂര്‍വം സംഭവിച്ചതല്ലെന്നും അടുത്ത സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാമെന്നുമാണ് ആസിഫ് സുലേഖയോട് പറയുന്നത്.
‘ചേച്ചി, ആകെ വിഷമമായി പോയല്ലോ. സോറി കേട്ടോ. മനപൂര്‍വം സംഭവിച്ചതല്ല. അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കും. ഇത് ഇങ്ങനെ പറ്റിപോയി. നല്ല രസമായിട്ട് ചെയ്ത സീനായിരുന്നു അത്. ചേച്ചി എന്ത് രസമായിട്ടാണ് ആ സീന്‍ ചെയ്തത്. ചില സിനിമകളില്‍ എഡിറ്റ് ചെയ്യുമ്പോള്‍ ലെങ്ത്ത് പ്രശ്‌നം വരും. അങ്ങനെ പോയതാണ് ആ സീന്‍,’ ആസിഫ് അലി പറഞ്ഞു.
ശേഷം സുലേഖയോടൊപ്പം നിന്ന് നടന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ സങ്കടങ്ങളെല്ലാം മാറിയെന്നും ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ലെന്നുമായിരുന്നു സുലേഖ മറുപടിയായി ആസിഫിനോട് പറഞ്ഞത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് ആസിഫിന്റെ പ്രവര്‍ത്തിയെ പ്രശംസിക്കുന്നത്.
Content Highlight: Asif Ali apologizes To Actress Sulekha for cut a scene in Rekhachithram Movie, video went viral