ആസിഫ് അലി, ഷറഫുദ്ദീന്‍, അമല പോള്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളില്‍ എത്തുന്ന ലെവല്‍ക്രോസ് റിലീസിന് ഒരുങ്ങുകയാണ്. ജൂലായ് 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വലിയൊരു ഭാഗവും ടുണീഷ്യയില്‍ ചിത്രീകരിച്ച സിനിമയാണ് ലെവല്‍ ക്രോസ്.
ടുണീഷ്യ യാത്രയെ കുറിച്ചും യാത്രിക്കിടെയുണ്ടായ ചില രസകരമായ ഓര്‍മകളും പങ്കുവെക്കുകയാണ് നടന്മാരായ ഷറഫുദ്ദീനും ആസിഫ് അലിയും. ആസിഫ് ടുണീഷ്യയില്‍ എത്തിയതിന് ശേഷമാണ് താന്‍ അവിടേക്ക് പോയതെന്നും ആറ് മണിക്കൂറാണ് ആസിഫിന് ടുണീഷ്യയിലെ എയര്‍പോര്‍ട്ടില്‍ ഇരിക്കേണ്ടി വന്നതെന്നുമാണ് ഷറഫുദ്ദീന്‍ പറഞ്ഞത്. നേരത്തെ ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്ത രാജ്യം ടുണീഷ്യ ആയിരുന്നില്ലെന്നും താരം പറഞ്ഞു.
‘ ആസിഫിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രസകരമായ ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞാനറിഞ്ഞത് ടുണീഷ്യ എയര്‍പോര്‍ട്ടില്‍ ആസിഫ് ഒരു ആറ് മണിക്കൂര്‍ ഇരുന്നു എന്നാണ്. ഇത് കേട്ടിട്ടാണ് ഞാന്‍ ഇവിടെ നിന്നും ഫ്‌ളൈറ്റ് കയറിയത്. എനിക്ക് അത്രയും സമയം എടുത്തില്ല. ഒരു ബാച്ച് പോയതുകാരണം അവര്‍ക്ക് ഒരു ഐഡിയ കിട്ടി (ചിരി).
പിന്നെ നമ്മള്‍ വിചാരിക്കുന്ന പോലത്തെ ഒരു സ്‌പേസല്ല ടുണീഷ്യ. ആദ്യം മൊറോക്കോ ആയിരുന്നു പ്ലാന്‍ ചെയ്തത്. അത് പതുക്കെ ടുണീഷ്യയിലേക്ക് ആയപ്പോള്‍ കാര്യങ്ങളില്‍ ചില മാറ്റം സംഭവിച്ചു. രാജ്യം ഒന്നു ജസ്റ്റ് മാറിയപ്പോള്‍ പരിപാടിയില്‍ ഒരുപാട് മാറ്റം സംഭവിച്ചു എന്നതാണ്. ഫുഡിന്റെ കാര്യത്തിലാണെങ്കിലുമൊക്കെ പ്രശ്‌നം ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പണി പാളി. പിന്നെ അമലപോള്‍ എന്ന കുക്കിനെ വെച്ച് അഡ്ജസ്റ്റ് ചെയ്തു. ഭയങ്കര എന്‍ജോയ് ചെയ്ത് തന്നെയാണ് പരിപാടികള്‍ പോയ്‌ക്കൊണ്ടിരുന്നത്. നമ്മള്‍ എല്ലാവരും ഒരൊറ്റ ഹോട്ടലിലായിരുന്നു താമസിച്ചത്,’ ഷറഫുദ്ദീന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് അങ്ങനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് ആസിഫായിരുന്നു.
‘ടുണീഷ്യയിലേക്ക് അങ്ങനെ ആള്‍ക്കാര്‍ വരേണ്ട ആവശ്യമൊന്നുമില്ല. ഞങ്ങള്‍ ഫുള്‍ ക്രൂ ആറ് മണിക്കൂര്‍ നിന്നു. ദയനീയമായിരുന്നു. ആദ്യം അവിടെ പോയി എല്ലാവരും നില്‍ക്കുന്നു. അങ്ങോട്ടു നടക്കുന്നു ഇങ്ങോട്ട് നടക്കുന്നു. എന്നാല്‍ കുറച്ച് നേരം ഇരിക്കാമെന്ന് കരുതി നിലത്തിരിക്കുന്നു. അതിന് ശേഷം ബാഗ് തലയ്ക്ക് വെച്ച് നിലത്ത് കിടക്കുന്നു, ഉറങ്ങുന്നു മൊത്തത്തില്‍ ഒരു ക്യാമ്പ് പരിപാടി ഉണ്ടായിരുന്നു,’ആസിഫ് പറഞ്ഞു.
തിരിച്ചുവരാനായി എയര്‍പോര്‍ട്ടിലെത്തിയ തനിക്കും ചെറിയൊരു പണി കിട്ടിയെന്നായിരുന്നു ഇതോടെ ഷറഫുദ്ദീന്‍ പറഞ്ഞത്.
ഞാന്‍ വിസയില്‍ പറഞ്ഞതിനേക്കാള്‍ രണ്ട് ദിവസം കൂടി അവിടെ നിന്നിട്ടുണ്ടായിരുന്നു. അവര്‍ വിസ നോക്കിയിട്ട് പ്രശ്‌നമാണ് എന്ന രീതിയില്‍ തലകുലുക്കുന്നുണ്ട്. ഞാന്‍ വിചാരിച്ചു നമ്മള്‍ കയറിപ്പോകുകയാണല്ലോ കുഴപ്പമൊന്നുമുണ്ടാകില്ല എന്നാണ്. എന്നാല്‍ എന്റെ പാസ്‌പോര്‍ട്ടും വിസയും നോക്കി പ്രശ്‌നമാണെന്ന തരത്തില്‍ അവര്‍ തലയാട്ടി.
ഇതോടെ എന്റെ മനസില്‍ ടുണീഷ്യയിലെ ജയിലൊക്കെ ഇങ്ങനെ വരികയാണ്. പെട്ടെന്ന് ഞാന്‍ ആടുജീവിതം ഓര്‍ത്തു. ഭാഗ്യത്തിന് ചെറിയൊരു ദിര്‍ഹം പിടിച്ചിട്ട് അവര്‍ സീല്‍ അടിച്ചു തന്നു. ശരിക്കും ഒന്ന് പരുങ്ങി. നമുക്ക് ഒരു ഐഡിയയും ഇല്ലാത്ത രാജ്യമാണല്ലോ,’ ഷറഫുദ്ദീന്‍ പറഞ്ഞു.
ഞങ്ങളെ ലൊക്കേഷനിലേക്ക് വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ അവിടുത്തെ ഒരു പൊലീസ് ഓഫസറാണ്. പുള്ളിക്ക് വണ്ടിയോടിക്കാന്‍ വരുന്നതാണ് ലാഭം എന്നാണ് പറഞ്ഞത്. അതുകൊണ്ട് ഒരു മാസത്തെ ലീവെടുത്ത് ഡ്രൈവറായി വന്നതാണ്, അത്തരത്തില്‍ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അവിടെ, ആസിഫ് പറഞ്ഞു.
Content Highlight: Asif Ali and Sharafudheen about Tunisia Days and Airport Issues