മലയാളികളുടെ പ്രിയതാരമാണ് ആസിഫ് അലി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ആസിഫ്.
കരിയറിന്റെ ഉയര്‍ച്ചയില്‍ അമിതമായി സന്തോഷിക്കാതെയും തളര്‍ച്ചയില്‍ പതറാതെയും ആസിഫ് സിനിമയ്‌ക്കൊപ്പം നിലകൊണ്ടു.
സിനിമയോടുള്ള തന്റെ അടങ്ങാത്ത ആവേശത്തെ കുറിച്ച് നിരവധി വേദികളില്‍ ആസിഫ് പറഞ്ഞിട്ടുമുണ്ട്.
ബിജുമേനോനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തലവനാണ് ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം. ജിസ് ജോയിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
വിവാഹശേഷം പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രത്തെ കുറിച്ചും സിനിമയോടുള്ള തന്റെ പങ്കാളി സമയുടെ കാഴ്ചപ്പാടുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ്. ഹണീബി ഇറങ്ങിയ സമയത്തെ രസകരമായ ചില കാര്യങ്ങളാണ് ആസിഫ് പങ്കുവെക്കുന്നത്.
‘ ഞാന്‍ അഭിനയിച്ച സിനിമകളില്‍ സമയ്ക്ക് ഏറ്റവും ഇഷ്ടം അനുരാഗ കരിക്കിന്‍ വെള്ളമാണ്. അതിലെ അബിയെന്ന കഥാപാത്രത്തെ ഇഷ്ടമാണ്. അതുപോലെ ഹണിബീ ഭയങ്കര ഇഷ്ടമാണ്. കല്യാണംകഴിഞ്ഞ ശേഷം തിയേറ്ററില്‍ പോയി ഞങ്ങള്‍ ആദ്യമായി കണ്ടത് ഹണീബിയാണ്.
സിനിമയുടെ ക്ലൈമാക്‌സില്‍ ഭാവനയുടെ കഥാപാത്രത്തെ ഞാന്‍ കിസ് ചെയ്യുന്ന ഒരു സീക്വന്‍സുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആദ്യമായി തിയേറ്ററില്‍ കൊണ്ടു പോകുയാണ്. കിസിങ് സീനിനെ കുറിച്ച് ആര്‍ക്കും ഐഡിയ ഇല്ല. ഞങ്ങള്‍ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുള്ളൂ. ലാല്‍ സാറിന് രണ്ട് ടെന്‍ഷനാണ് അന്ന്.
ഒന്ന് അദ്ദേഹത്തിന്റെ മകന്റെ ആദ്യത്തെ പടം ഇറങ്ങുന്നു. ഒന്ന് ഞാന്‍ കിസ് ചെയ്യുന്നത്. തലേന്ന് മുതല്‍ എന്നോട് എടാ അത് അവളോട് പറയണോ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്.
കല്യാണം കഴിഞ്ഞ് ആദ്യമായി നിന്റെ കൂടെ കാണാന്‍ വരുന്ന സിനിമയില്‍ നായികയെ കിസ് ചെയ്യുന്നു എന്നൊക്കെ വരുമ്പോള്‍ പ്രശ്‌നമാവുമോ എന്നൊക്കെ ചോദിച്ചു. കുഴപ്പമില്ല ചേട്ടാ എന്നൊക്കെ ഞാന്‍ പറഞ്ഞു. അങ്ങനെ തിയേറ്ററില്‍ ഈ സീക്വന്‍സ് എത്തുമ്പോള്‍ ലാല്‍ സാര്‍ ഇങ്ങനെ ഇവളുടെ മുഖത്ത് നോക്കി ഇരിക്കുകയാണ്.
സീന്‍ കഴിഞ്ഞപ്പോഴും സമയുടെ മുഖത്ത് വലിയ ഭാവവ്യത്യാസമൊന്നുമില്ല. അത് കഴിഞ്ഞ് ലാല്‍ സാര്‍ വന്നിട്ട് അവളോട് പറയുകയാണ്, മോളെ ഇത് ശരിക്കും ഫിലിം അടിപ്പിക്കുന്നതാണ് എന്ന് (ചിരി). അദ്ദേഹത്തിന് എന്നോടുള്ള കെയറിങ്ങും ഇഷ്ടവുമൊക്കെ കാരണമാണ് അങ്ങനെ പറഞ്ഞത്. രണ്ടായിട്ട് ഷൂട്ട് ചെയ്തിട്ട് ഫിലിം അടുപ്പിക്കുന്നതാണ് ഈ കിസ് എന്ന് പറയുന്നത് എന്നൊക്കെ പുള്ളി പറഞ്ഞു. അല്ല ഏട്ടാ എനിക്കറിയാമെന്ന് അവളും പറഞ്ഞു. (ചിരി). ഇതായിരുന്നു അന്നത്തെ രസകരമായ ഒരു കാര്യം,’ ആസിഫ് പറഞ്ഞു.
Content Highlight: Asif Ali about wife zama and kissing sequence on honey bee movie