കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ആസിഫ് ഇന്ന് മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ്. ഓരോ സിനിമ കഴിയുന്തോറും അഭിനയത്തില്‍ പ്രേക്ഷകരെ ഞെട്ടക്കുന്ന ആസിഫിനെയാണ് കാണാന്‍ സാധിക്കുന്നത്.
കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ദിന്‍ജിത്തുമായി ആസിഫ് കൈകോര്‍ക്കുന്ന ചിത്രമാണ് കിഷ്‌കിന്ധാകാണ്ഡം. ആസിഫിനൊപ്പം അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിഗൂഢത നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വിജയരാഘവനുമായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി.
പൂക്കാലത്തിന് ശേഷം വിജയരാഘവന്‍ ജോയിന്‍ ചെയ്തത് ഈ സിനിമിലായിരുന്നെന്നും അദ്ദേഹം സെറ്റിലെത്തിയപ്പോള്‍ ആദ്യം തന്നെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചുവെന്നും ആസിഫ് പറഞ്ഞു. പൂക്കാലം എന്ന സിനിമ എങ്ങനെയാണ് ചെയ്തതെന്ന് ചോദിച്ചെന്നും അദ്ദേഹത്തിന് അര്‍ഹമായ അവാര്‍ഡാണ് പൂക്കാലത്തിലൂടെ ലഭിച്ചതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
‘ഈ സിനിമയിലേക്ക് എന്നെ അട്രാക്ട് ചെയ്ത ഏറ്റവും വലിയ കാര്യം കുട്ടേട്ടനുമായി വര്‍ക്ക് ചെയ്യുക എന്നതാണ്. പൂക്കാലം റിലീസായതിന് ശേഷം അദ്ദേഹം ജോയിന്‍ ചെയ്തത് ഈ സിനിമയുടെ സെറ്റിലായിരുന്നു. ഞാനാണെങ്കില്‍ അതില്‍ കുട്ടേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട് അന്തം വിട്ട് ഇരിക്കുകയായിരുന്നു. പുള്ളിയെ കണ്ടപ്പോള്‍ ആദ്യം തന്നെ കെട്ടിപ്പിടിച്ചു. എനിക്ക് ആ സിനിമ അത്രക്ക് ഇഷ്ടപ്പെട്ടു. അര്‍ഹിക്കുന്ന അവാര്‍ഡാണ് കുട്ടേട്ടന് പൂക്കാലത്തിലൂടെ കിട്ടിയത്.
എങ്ങനെയാണ് ആ സിനിമ ചെയ്തതെന്ന് ഞാന്‍ കുട്ടേട്ടനോട് ചോദിച്ചു. പ്രത്യേകിച്ച് ആ സിനിമയില്‍ ത്രൂ ഔട്ട് ആ വോയിസ് മോഡുലേഷന്‍ മെയിന്റെയിന്‍ ചെയ്തത് എങ്ങനെയാണെന്ന് ചോദിച്ചു. ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ഉള്ള ഡയലോഗൊക്കെ ഗംഭീരമായിരുന്നു. ആ സിനിമയുടെ ഡബ്ബിങ് തീര്‍ന്നപ്പോഴേക്ക് പുള്ളിയുടെ തൊണ്ടക്ക് പണി കിട്ടി എന്ന് പറഞ്ഞു. ഇതുപോലുള്ള ലെജന്‍ഡുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about Vijayaraghavan’s performance in Pookkaalam