|

എന്നെ ഒരുപാട് ഇമ്പ്രസ് ചെയ്ത പടമാണ് വാഴ; അദ്ദേഹത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസ് എഴുതി, ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത് 2024 പുറത്തിറങ്ങിയ ചിത്രമാണ് ‘വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്.’ മക്കളെ തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്ന മാതാപിതാക്കള്‍, അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്ത ഒരു കൂട്ടം ചെറുപ്പാക്കരുടെ കഥ പറയുന്ന ചിത്രമായിരുന്നു വാഴ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഴയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ അസീസ് നെടുമങ്ങാട് അച്ഛന്‍ കഥാപാത്രമായി പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അസീസ് നെടുമങ്ങാടും ആസിഫ് അലിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഇപ്പോള്‍ ‘വാഴ’ എന്ന ചിത്രത്തെ കുറിച്ചും അസീസ് നെടുമങ്ങാടിന്റെ സിനിമയിലെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി.

അസീസിന്റെ വാഴയിലെ പ്രകടനം എടുത്ത് പറയേണ്ടതാണെന്നും തന്നെ ഒരുപാട് ആകര്‍ഷിച്ച ചിത്രമാണ് വാഴ എന്നും ആസിഫ് അലി പറയുന്നു. എല്ലാവര്‍ക്കും പരിചിതമായ മുമ്പ് കേട്ടിട്ടുള്ളതുമായ കഥയാണെങ്കിലും സിനിമ അവതരിപ്പിച്ച രീതി ഏറെ പുതുമയുള്ളതാണന്നും ആസിഫ് അലി പറഞ്ഞു. അച്ഛന്‍ വേഷത്തില്‍ വാഴയില്‍ അഭിനയിച്ച അസീസ്, ആഭ്യന്തര കുറ്റവാളിയില്‍ തന്റെ കൂട്ടുകാരനായിട്ടാണ് അഭിനയിക്കുന്നതെന്നും അവിടെയാണ് ഒരു നടന്റെ മാജിക്കെന്നും ആസിഫ് അലി കൂട്ടിചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അസീസ് ഇക്കയുടെ വാഴയിലെ അച്ഛന്‍ കഥാപാത്രം എടുത്ത് പറയേണ്ടതാണ്. ഞാന്‍ വാഴ കാണുന്നത് നമ്മുടെ പടം തുടങ്ങുന്നതിന്റെ തൊട്ട് മുമ്പാണ്. എന്റെ സുഹൃത്തായിട്ടാണ് പുള്ളി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. എന്നെ ഭയങ്കരമായി ഇമ്പ്രസ് ചെയ്ത പടമാണ് വാഴ. ഞാന്‍ വിചാരിച്ച രീതിയില്‍ ഒന്നും അല്ല ആ സിനിമ പാക്ക് ചെയ്തിരുന്നത്. അതിന്റെ സംവിധാനമാണെങ്കിലും മൊത്തത്തില്‍ ആ സിനിമയ്ക്ക് ഒരു പുതിയ ആഖ്യാന ശൈലിയുണ്ടാടിരുന്നു. നമുക്ക് അറിയാവുന്ന ഇതിന് മുമ്പ് കണ്ടിട്ടുള്ള ഒരു സബ്ജക്റ്റായിരിക്കും അത്.

പക്ഷേ അത് പാക്ക് ചെയ്തിരിക്കുന്ന രീതിയും ആ സിനിമ അവതരിപ്പിച്ച രീതിയും വളരെ പുതുമയുള്ളതായിരുന്നു. പിന്നെ ഇവരുടെ എല്ലാം പെര്‍ഫോമന്‍സും. അസീസ് ഇക്ക അതില്‍ ഒരു അപ്പന്റെ വേഷമാണ് ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് എന്റെ കൂട്ടുകാരനായി അഭിനയിക്കുന്നു. ഒരു നടന്റെ മാജിക് അവിടെയാണ്. ആ കഥാപാത്രവുമായിട്ടുള്ള ഒരു താരതമ്യപ്പെടുത്തലിനും സാധ്യതയില്ലാത്ത രീതിയിലാണ് ശരിക്കും ആഭ്യന്തര കുറ്റവാളിയിലുള്ള പെര്‍ഫോമന്‍സ്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali about  Vazha movie and performance of Azees nedumangad.