തിയേറ്ററില്‍ പോയി സിനിമ കാണുകയെന്നത് നമ്മുടെ കള്‍ച്ചറിന്റെ കൂടി ഭാഗമാണ്; ഒ.ടി.ടി റിലീസിനെ കുറിച്ച് ആസിഫ് അലി
Movie Day
തിയേറ്ററില്‍ പോയി സിനിമ കാണുകയെന്നത് നമ്മുടെ കള്‍ച്ചറിന്റെ കൂടി ഭാഗമാണ്; ഒ.ടി.ടി റിലീസിനെ കുറിച്ച് ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th November 2021, 11:29 am

സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ചും നിലവിലെ മലയാള സിനിമയിലെ പ്രതിസന്ധിയെ കുറിച്ചും മനസുതുറന്ന് നടന്‍ ആസിഫ് ആലി.

തിയേറ്റര്‍ വേണോ, ഒ.ടി.ടി വേണോ എന്നുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളുമൊക്കെ ഇപ്പോള്‍ നടക്കുകയാണെന്നും ഇനി സിനിമ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് താങ്കള്‍ കരുതുന്നത് എന്നുമുള്ള ചോദ്യത്തിന് സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താന്‍ എന്നായിരുന്നു ആസിഫിന്റെ മറുപടി.

സിനിമ എന്നത് തിയേറ്ററില്‍ പോയി ഇരുന്ന് കയ്യടിച്ച് ആസ്വദിച്ച് മാസ് ക്രൗഡിനൊപ്പം കാണണമെന്ന് കരുതുന്ന ആളാണ് ഞാന്‍. ആലോചിച്ചു നോക്കൂ, ഒരു സിനിമ ചെയ്യുമ്പോള്‍ ലൈറ്റിങ് മുതല്‍ സൗണ്ട് വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ അത്രയധികം പ്ലാന്‍ ചെയ്യുന്നുണ്ട്.

അതിനായി എത്രയോ ടെക്‌നീഷ്യന്‍മാര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞെത്തുന്ന ഒരു സിനിമ, അത് ഒ.ടി.ടിയിലാണ് എത്തുന്നതെങ്കില്‍ പകുതിയിലധികം ആളുകളും മൊബൈല്‍ ഫോണിലാണ് കാണുന്നത്. അപ്പോള്‍ അത് അത്രയും ലിമിറ്റഡായി പോകും. അങ്ങനെ കാണേണ്ട ഒന്നല്ല സിനിമ എന്നാണ് ഞാന്‍ കരുതുന്നത്.

തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് ഒരു തരത്തില്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമാണ്. പെരുന്നാളായാലും ക്രിസ്മസായാലും ഓണമായാലും തിയേറ്ററില്‍ ഏത് പടമാണ് റിലീസ് ആകുന്നതെന്ന് നോക്കുന്നവരാണ് നമ്മള്‍. തിയേറ്ററില്‍ പോയി ഒരു സിനിമ കാണാതെ ഈ ആഘോഷങ്ങളൊന്നും പൂര്‍ണമാവില്ലെന്ന് കരുതുന്നവരാണ്. സിനിമ തിയേറ്ററില്‍ പോയി കണ്ട് ആസ്വദിക്കുക എന്നത് നമ്മുടെ കള്‍ച്ചറിന്റെ കൂടി ഭാഗമാണ്. അതുകൊണ്ട് തന്നെ സിനിമ തിയേറ്ററില്‍ തന്നെ പോയി കാണണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് ഞാന്‍.

ഞാന്‍ അഭിനയിച്ച കുഞ്ഞെല്‍ദോ രണ്ടുവര്‍ഷമായി തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ്. അതുപോലെ രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ജിസ് ജോയ്‌ക്കൊപ്പമുള്ള ചിത്രം ഇതെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡ് അല്‍പ്പമൊന്ന് കഴിയുന്നതോടെ തിയേറ്റര്‍ പൂര്‍ണമായും തിരിച്ചുവരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെയിരുന്ന് ആസ്വദിച്ച് സിനിമ കാണുന്ന ഒരു അവസ്ഥ തിരിച്ചുവരുമെന്ന് ഉറപ്പാണെന്നും ആസിഫ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Asif Ali About Theatre OTT Release