കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.
തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനംകൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്. രേഖാചിത്രം എന്ന സിനിമയിലൂടെ ഈ വർഷത്തെ ആദ്യ വിജയം സ്വന്തമാക്കാനും ആസിഫിന് സാധിച്ചു.
ചെറുപ്പം മുതൽ തനിക്ക് ചുറ്റും സിനിമയായിരുന്നുവെന്നും അന്നിറങ്ങുന്ന മമ്മൂട്ടി, മോഹൻലാൽ സിനിമകൾ മുടങ്ങാതെ കാണുമായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
സിനിമകൾ കണ്ടുതീർക്കുക എന്നത് തന്നെയായിരുന്നു തന്റെ പ്രധാന വിനോദമെന്നും മോഹൻലാൽ ചിത്രം ചന്ദ്രോത്സവം ഒരുപാട് നേരം വരിനിന്നാണ് താൻ കണ്ടതെന്നും ആസിഫ് പറയുന്നു. പിന്നീട് അത് വീട്ടിലറിഞ്ഞപ്പോൾ വലിയ പ്രശ്നമായെന്നും ആസിഫ് അലി പറഞ്ഞു. സിനിമയോട് വലിയ താത്പര്യമുള്ള മകനും ഒരു മോഹൻലാൽ ഫാനാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
‘ചെറുപ്പംമുതൽ എനിക്കുചുറ്റും സിനിമയായിരുന്നു. കുട്ടിക്കാലത്തെ ഓർമകളെല്ലാം സിനിമകളുമായി ചുറ്റിപ്പറ്റിയുള്ളതാണ്. എല്ലാ അവധിക്കാലത്തും സിനിമകൾ കണ്ടുതീർക്കുക എന്നത് തന്നെയായിരുന്നു പ്രധാന വിനോദം. മുതിർന്നപ്പോഴും ആ ശീലം കൂട്ടുണ്ടായിരുന്നു. ഉത്സവകാലത്തിറങ്ങുന്ന എല്ലാ മോഹൻലാൽ – മമ്മൂട്ടിച്ചിത്രങ്ങളും തിക്കും തിരക്കും കുട്ടി ആദ്യദിവസം തന്നെ കാണുന്നത് ഹരമായിരുന്നു.
മോഹൻലാൽ – രഞ്ജിത് ടീമിൻ്റെ ചന്ദ്രോത്സവം മൂവാറ്റുപുഴയിൽ പോയാണ് ആദ്യദിവസം കണ്ടത്. നൂൺഷോയ്ക്ക് ടിക്കറ്റ് കിട്ടാതെവന്നപ്പോൾ അടുത്ത ഷോയ്ക്കുവേണ്ടി അവിടെത്തന്നെ നിന്നു. ശക്തമായ മഴപെയ്‌തപ്പോഴും മാറാതെ ടിക്കറ്റിനായി വരിയിൽത്തന്നെ നിന്നു. നനഞ്ഞുകുളിച്ചാണ് പിന്നീട് തിയേറ്ററിൽ കയറിയത്.
ഷർട്ട് സീറ്റിനുമുകളിൽ അഴിച്ചുവിരിച്ചു വെച്ചാണ് സിനിമ കണ്ടത്. പിന്നീടത് വീട്ടിലറിഞ്ഞ് വലിയ പ്രശ്‌നമായിരുന്നു. ജീവിതം മുഴുവൻ സിനിമ ഒപ്പമുണ്ടാകണം എന്നതാണ് എൻ്റെ ആഗ്രഹം. എൻ്റെ മകനും സിനിമയോട് വലിയ താത്പര്യമാണ്. അവൻ മോഹൻലാൽ ആരാധകനാണ്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Theatre Experience Of Chandrolsavam Movie