| Monday, 30th May 2022, 6:20 pm

അലന്‍സിയറേട്ടന് രാവിലെ എന്ത് കൊടുക്കും എന്നുള്ളതായിരുന്നു ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഏറ്റവും വലിയ ടെന്‍ഷന്‍: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

രാജസ്ഥാനിലായിരുന്നു ചിത്രത്തിന്റെ വലിയൊരു ഭാഗം ഷൂട്ട് ചെയ്തത്. രാജസ്ഥാനിലെ ഷൂട്ടിങ്ങ് എക്‌സ്പീരിയന്‍സ് പങ്കുവെക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി.

ഭാഷയും മറ്റ് കാര്യങ്ങളുമൊന്നും രാജസ്ഥാന്‍ ഷൂട്ടിങ്ങ് സമയത്ത് പ്രശ്‌നമായിരുന്നില്ലെന്നും എന്നാല്‍ അവിടത്തെ ഭക്ഷണമായിരുന്നു എല്ലാവരുടെയും പ്രശ്‌നമെന്നുമാണ് ആസിഫ് അലി പറയുന്നത്.

”അവിടത്തെ ഷൂട്ടില്‍ ഇതിന്റെ റൈറ്റര്‍ സിബി സാറും ശ്രീജിത്തേട്ടനും അല്ലെങ്കില്‍ രാജീവേട്ടനുമെല്ലാം കൂടെയുള്ളത് കൊണ്ട് നമ്മള്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു. കാരണം രാജസ്ഥാന്‍ ഏരിയയില്‍ ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്ത പരിചയം രാജീവേട്ടനുണ്ട്. രാജസ്ഥാനിലെ ഒരുപാട് സ്ഥലങ്ങള്‍ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുണ്ട്.

എക്‌സ്‌ക്ലൂസീവായ ഒരു ലൊക്കേഷനിലാണ് നമ്മള്‍ ഷൂട്ട് ചെയ്തത്. ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന പ്രശ്‌നം ഭക്ഷണമായിരുന്നു.

അവിടെ പോയി രാവിലെ ദോശയും ഇഡ്ഡലിയും അപ്പവും മുട്ടക്കറിയും എന്നൊന്നും പറഞ്ഞാല്‍ നടക്കില്ല. അവിടെ കിട്ടുന്ന ഭക്ഷണം നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയി അംഗീകരിക്കാന്‍ പറ്റാത്ത രീതിയിലുള്ളതായിരുന്നു.

ആലു, പോഹ എന്നൊക്കെ പറഞ്ഞ് കുറേ സാധനങ്ങളുണ്ട്. ഞങ്ങളേക്കാളൊക്കെ പ്രശ്‌നം അലന്‍സിയറേട്ടനായിരുന്നു. അലന്‍സിയറേട്ടന് രാവിലെ എന്ത് കൊടുക്കും എന്നുള്ളതായിരുന്നു ഞങ്ങള്‍ക്ക് ലൊക്കേഷനിലുള്ള ഏറ്റവും വലിയ ടെന്‍ഷന്‍.

പിന്നെ ഒരു അഞ്ചാറ് ദിവസമൊക്കെ കഴിയുമ്പോ നമുക്ക് ചോറ് കഴിക്കാന്‍ ഭയങ്കര ടെമ്‌റ്റേഷന്‍ വരും. ഭക്ഷണമായിരുന്നു അവിടെ ഷൂട്ട് ചെയ്തപ്പോള്‍ നമുക്കുണ്ടായ വലിയ കണ്‍സേണ്‍,” ആസിഫ് അലി പറഞ്ഞു.

നടന്‍ സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത് ദിവാകരനും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlight: Asif Ali about the shooting experience of Kuttavum Shikshayum movie with Alencier

We use cookies to give you the best possible experience. Learn more