രമേശ് നാരായണനുമായുള്ള പ്രശ്‌നത്തില്‍ തനിക്ക് വേണ്ടി പ്രതികരിച്ചവരോട് ആസിഫ് അലി നന്ദി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. രാഷ്ട്രീയ സിനിമാ മേഖലകളിലുള്ളവര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇതൊരു വിവാദമാക്കരുതെന്നും രമേശ് നാരായണനെതിരെ സൈബര്‍ ആക്രണണം നടത്തരുതെന്നും ആസിഫ് പറഞ്ഞു.
അത്രയും വലിയ വിവാദത്തെ ആസിഫ് നേരിട്ട രീതിയെ പലരും അഭിനന്ദിച്ചിരുന്നു. ആസിഫിനോടുള്ള ബഹുമാനസൂചകമായി ദുബായിലെ വാട്ടര്‍ ടൂറിസം കമ്പനിയായ ഡി3 അവരുടെ ആഡംബര നൗകക്ക് ആസിഫിന്റെ പേരിട്ടത് വലിയ വാര്‍ത്തയായിരുന്നു. തന്നോടുള്ള സ്‌നേഹം കൊണ്ടാകാം അവര്‍ അങ്ങനെ ചെയ്തതെന്നും തനിക്ക് അതില്‍ സന്തോഷം തോന്നിയെന്നും ആസിഫ് പറഞ്ഞു.
ആ വാര്‍ത്തക്ക് താഴെ തന്നെ ചില്ലുകൂട്ടില്‍ ഇട്ടു വെച്ചൂടെ എന്നൊരു കമന്റ് കണ്ടെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു. താന്‍ ആ കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ആസിഫ് പറഞ്ഞു. ആ കമ്പനിയുടെ ഉടമയെ തനിക്ക് മുന്നേ അറിയാമായിരുന്നെന്നും ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ കുറച്ച് ഓവറല്ലേ എന്ന് തനിക്ക് തോന്നിയെന്നും ആസിഫ് പറഞ്ഞു. ലെവല്‍ക്രോസിന്റെ പ്രൊമോഷനുമയി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ആ കമ്പനി അവരുടെ ആഡംബര നൗകക്ക് എന്റെ പേരിട്ടു എന്ന് അറിഞ്ഞു. എന്നോടുള്ള സ്‌നേഹം കൊണ്ടാകാം അങ്ങനെ ചെയ്തിട്ടുണ്ടാവുക. ഒത്തിരി അഭിമാനം തോന്നിയിരുന്നു. ആ വാര്‍ത്തക്ക് താഴെ ഒരു കമന്റ് വന്നിരുന്നു ‘എങ്കില്‍ പിന്നെ ഇവനെ ചില്ലുകൂട്ടില്‍ ഇട്ട് വെച്ചൂടെ’ എന്ന്. ആ കമന്റ് എന്നെ വല്ലാതെ ചിരിപ്പിച്ചു. അങ്ങനെ ചിന്തിക്കുന്നവരുമുണ്ട്.
എനിക്ക് ആ കമ്പനിയുടെ ഉടമയുമായി നല്ല പരിചയമുണ്ട്. പക്ഷേ ഇങ്ങനെയാരു കാര്യം ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ വാര്‍ത്ത വന്നപ്പോഴാണ് ഞാനും അറിഞ്ഞത്. പക്ഷേ ഇതൊക്കെ കുറച്ച് ഓവറായിപ്പോയില്ലേ എന്ന് എനിക്കും തോന്നി. പിന്നെ നമ്മളോടുള്ള സ്‌നേഹത്തിന്റെ പുറത്ത് ചെയ്യുന്നത് കൊണ്ട് അതിനോട് മുഖം തിരിക്കാന്‍ തോന്നിയില്ല,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about the homage by Dubai water tourism company