| Sunday, 18th September 2022, 8:38 pm

ഗേള്‍ഫ്രണ്ടിന്റെ കോളേജിലേക്കുള്ള വഴി അവന്‍ ഓട്ടോക്കാരന് പറഞ്ഞുകൊടുക്കും; അങ്ങനെ കുറെ പേരുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ്. അപകടകാരിയായ ആ കാമുകനെ ആസിഫ് അതീവ സൂക്ഷ്മതയോടെയായിരുന്നു അവതരിപ്പിച്ചത്.

ഗോവിന്ദിനെ പോലെ ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ടെന്നും അത്തരത്തിലുള്ള ഒരു സുഹൃത്ത് തനിക്കുണ്ടായിരുന്നെന്നും പറയുകയാണ് ആസിഫ് ഇപ്പോള്‍. ഗോവിന്ദിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ചു.

‘ഉയരെ ചെയ്യുന്ന സമയത്ത് വളരെ സാധാരണയായി വാര്‍ത്തയില്‍ കേട്ടിരുന്ന സംഭവമാണ് ആസിഡ് ആക്രമണം. പല രീതിയിലുള്ള ഗോവിന്ദുമാരെ നമുക്ക് സമൂഹത്തില്‍ കാണാം. കോളേജില്‍ എനിക്ക് അറിയാവുന്ന ഒരു സുഹൃത്തുണ്ടായിരുന്നു.

അവന്റെ ഗേള്‍ ഫ്രണ്ട് ബാംഗ്ലൂരിലെ ഹോസ്റ്റലില്‍ നിന്ന് കോളേജിലേക്ക് പോകുന്ന ഓട്ടോയുടെ ഡ്രൈവര്‍ക്ക് ഫോണ്‍ കൊടുക്കണം. ഇവനാണ് കോളേജ് പറഞ്ഞ് കൊടുക്കുക. ഇങ്ങനെയുള്ളവര്‍ നമ്മുടെ ചുറ്റുപാടില്‍ കുറെയുണ്ട്.

ഇത്തരം കഥാപാത്രം ചെയ്യുമ്പോള്‍ എന്നെവെച്ച് സിനിമ ആലോചിക്കുന്ന എഴുത്തുകാര്‍ക്ക് വലിയ സാധ്യത നല്‍കി. ഇവന്‍ വേണമെങ്കില്‍ ആസിഡ് ഒഴിച്ചേക്കാം എന്ന ചിന്ത പ്രേക്ഷകര്‍ക്ക് കിട്ടും. അത് നടന്‍ എന്ന നിലയില്‍ വലിയ സ്വാതന്ത്ര്യമാണ്,’ ആസിഫ് പറയുന്നു.

ആസിസ് അറ്റാക്ക് പ്രധാന പ്രമേയമായി എത്തിയ ഉയരെ മനു അശോകായിരുന്നു സംവിധാനം ചെയ്തത്. 2019ലിറങ്ങിയ സിനിമക്ക് തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ആയിരുന്നു.

പാര്‍വതി തിരുവോത്തായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പല്ലവി രവീന്ദ്രനെ അവതരിപ്പിച്ചത്. ടൊവിനോ തോമസും സിദ്ദിഖും അനാര്‍ക്കലി മരക്കാറുമായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ സിനിമ ബോക്‌സ് ഓഫീസിലും വിജയമായിരുന്നു. നിരവധി അവാര്‍ഡുകളും സിനിമയെ തേടിയെത്തിയിരുന്നു.

അതേസമയം, ആസിഫിന്റെ പുതിയ ചിത്രമായ കൊത്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.
കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Asif Ali about the character Govind in Uyare and his friend

We use cookies to give you the best possible experience. Learn more