| Tuesday, 30th July 2024, 10:22 pm

ദേ കെടക്കണൂ നമ്മടെ പഴയ സുരാജേട്ടന്‍ എന്നാണ് പലരും പറഞ്ഞത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനായ ഏറ്റവും പുതിയ ചിത്രം അഡിയോസ് അമിഗോ റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ നഹാസ് നസറാണ് ചിത്രത്തിന്റെ സംവിധായകന്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ടീസറിലുമെല്ലാം ആസിഫിന്റെ ഗെറ്റപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ആസിഫിനോടൊപ്പം സുരാജിന്റെ കഥാപാത്രവും ചര്‍ച്ചയാകുന്നുണ്ട്. സീരിയസ് വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് സുരാജ് തിരിച്ചുവരുന്നുവെന്നാണ് ട്രെയ്‌ലര്‍ കണ്ട പലരും അഭിപ്രായപ്പെട്ടത്. കാണുന്നവനെ ചിരിപ്പിക്കുന്ന പഴയ സുരാജ് അഡിയോസ് അമിഗോയിസൂടെ തിരിച്ചെത്തുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്. ആക്ഷന്‍ ഹീറോ ബിജുവിലെ ചെറിയ വേഷത്തിലൂടെ കരയിച്ച സുരാജ് പിന്നീട് വല്ലാത്ത മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആസിഫ് അലി പറഞ്ഞു.

വേഴ്‌സാറ്റൈലായിട്ടുള്ള പല സിനിമകളിലൂടെ നമ്മളെ അത്ഭുതപ്പെടുത്തിയ നടനാണ് സുരാജെന്ന് ആസിഫ് പറഞ്ഞു. ഏറ്റനുമൊടുവില്‍ തമിഴ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ വരെ തിളങ്ങുന്ന സുരാജ് ഈ സിനിമയിലൂടെ വീണ്ടും കോമഡിയിലേക്കെത്തുകയാണെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘ആക്ഷന്‍ ഹീറോ ബിജുവിലെ ചെറിയ വേഷത്തിലൂടെയാണ് സുരാജേട്ടന്‍ നമ്മളെ ആദ്യമായി ഞെട്ടിച്ചത്. ആ കഥാപാത്രത്തിന്റെ വിഷമം പറഞ്ഞപ്പോള്‍ നമുക്കും വിഷമമായി. അവിടുന്ന് പിന്നീട് പുള്ളി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലുതായിരുന്നു. വേഴ്‌സാറ്റൈലായിട്ടുള്ള പല റോളുകളും പുള്ളി ചെയ്തുവെച്ചു. ഏറ്റവുമൊടുവില്‍ തമിഴില്‍ വില്ലനായി ഒരു സിനിമ ചെയ്യുകയാണ്.

അങ്ങനെയിരിക്കുന്ന സുരാജേട്ടന്‍ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തുന്ന സിനിമയാണിത്. ട്രെയ്‌ലറില്‍ ബസ് ബ്രേക്ക് പിടിക്കുമ്പോള്‍ നിലത്ത് വീഴുന്ന സീനുണ്ട്. പഴയ സുരാജ് വെഞ്ഞാറമൂടായിട്ടാണ് പുള്ളി വീണത്. പലരും അതിന് ഇട്ട കമന്റ് അടിപൊളിയായിരുന്നു. ‘ദേ കെടക്കണൂ നമ്മടെ പഴയ സുരാജേട്ടന്‍’ എന്നൊക്കെ പലരും കമന്റിട്ടിരുന്നു,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about Suraj Venjaramoodu’s character in Adios Amigo movie

We use cookies to give you the best possible experience. Learn more