ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. അധികം വൈകാതെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടനായി മാറാൻ സുരാജിന് കഴിഞ്ഞു. കോമഡി വേഷങ്ങളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച സുരാജ് മെല്ലെ ട്രാക്ക് മാറ്റുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്.
ദശമൂലം ദാമു, ഇടിവെട്ട് സുകുണൻ, തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ശ്രദ്ധേയമായ സുരാജിന്റെ വേഷങ്ങളാണ്. എന്നാൽ ഇവയിൽ പല വേഷങ്ങളും തിരക്കഥയില്ലാതെയാണ് സുരാജ് അവതരിപ്പിച്ചതെന്നും ഒരു ഹ്യൂമർ രംഗം ചെയ്യണമെന്ന് മാത്രമാണ് തിരക്കഥയിൽ ഉണ്ടാവുകയെന്നും നടൻ ആസിഫ് അലി പറയുന്നു. സിനിമയിൽ ചെയ്യാൻ ഏറ്റവും പ്രയാസമുള്ളതും ഹ്യൂമറാണെന്നും ആസിഫ് പറഞ്ഞു.
‘ഞാൻ മനസിലാക്കുന്നത്, ഏറ്റവും ബുദ്ധിമുട്ടുള്ളത് ഹ്യൂമർ ചെയ്യാനാണ് എന്നാണ്. ആളുകളെ ചിരിപ്പിക്കുക എന്നത് നിസാര കാര്യമല്ല. ഞാൻ മനസിലാക്കിയിട്ടുള്ള ഒരു കാര്യം പറയാം.
സുരാജ് ഏട്ടനൊക്കെ വരുന്ന പല സിനിമകളുടെയും സീക്വൻസ് എഴുതി വെച്ചിരിക്കുന്നത്, കുറച്ചു തമാശ രംഗങ്ങൾ കാണിക്കണം എന്നാണ്. അങ്ങനെ എഴുതി വെച്ചിട്ടുള്ള സിനിമകൾ അഭിനയിച്ചിട്ടുണ്ട് സുരാജ് ഏട്ടൻ.
അതായത് അവരുടെ ജോലിയാണ് അവിടെ ഒരു ഹ്യൂമർ ഉണ്ടാക്കുകയെന്നതും ആ സിറ്റുവേഷനിൽ ചിരിപ്പിക്കുകയെന്നതും. നമുക്കൊക്കെ സ്ക്രിപ്റ്റും ഡയലോഗും തന്നിട്ടാണ് നമ്മൾ അഭിനയിക്കുന്നത്.
പല സിനിമകളിലും സുരാജ് ഏട്ടനൊക്കെ അവിടെ പോയി, ആ സാഹചര്യമൊക്കെ മനസിലാക്കിയാണ് അതിനുള്ള ഹ്യൂമർ ചെയ്യുന്നത്. അതനുസരിച്ച് പുള്ളി ഓപ്പോസിറ്റുള്ള ആളെയും പഠിപ്പിക്കും. അങ്ങനെ കരിയർ തുടങ്ങിയ ആളാണ് അദ്ദേഹം,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Suraj Venjaramood