| Tuesday, 9th November 2021, 11:36 am

ആ സംവിധായകനൊപ്പമാണെങ്കില്‍ ലൊക്കേഷനില്‍ എനിക്ക് അടക്കവും ഒതുക്കവും കൂടും, പെരുമാറ്റം മാന്യമായിരിക്കും: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ആസിഫ് അലി. കണ്ണൂരിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ആസിഫ് എത്തുന്നത്. രഞ്ജിത് നിര്‍മിച്ച് സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ്. അതിനൊപ്പം സിബി മലയിലിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

താന്‍ ഗുരുസ്ഥാനത്ത് കാണുന്ന വ്യക്തിയാണ് സിബി മലയിലെന്നും അതിന്റെ ഒരു ഭയം തനിക്ക് എപ്പോഴും അദ്ദേഹത്തോടുണ്ടെന്നുമാണ് ആസിഫ് പറയുന്നത്.

സാധാരണ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍ അധികവും വര്‍ക്ക് ചെയ്യുന്നത്. എന്റെ ഒരു ഏജ് ഗ്രൂപ്പില്‍പ്പെട്ട ഓടിച്ചാടി നടന്ന് ബഹളമുണ്ടാക്കുന്ന സിനിമകളാണ് അധികവും ചെയ്യുന്നത്. പക്ഷേ എന്റെ രണ്ടാമത്തെ സിനിമ സിബി സാറിനൊപ്പമായിരുന്നു. അപൂര്‍വരാഗം. അന്ന് മുതല്‍ അദ്ദേഹത്തിന് എന്നെ അറിയാം.

ഒരു നടനേക്കാള്‍ ഉപരി അദ്ദേഹം എന്നെ ട്രീറ്റ് ചെയ്യാറുണ്ട്. എല്ലായ്‌പ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും മറ്റും ചെയ്യുന്ന ഏറ്റവും അടുത്ത ആള്‍. എപ്പോഴും എനിക്ക് ഗുരുസ്ഥാനത്താണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പമാണെങ്കില്‍ ഞാന്‍ കുറച്ചധികം എന്നെ തന്നെ കണ്‍ട്രോള്‍ ചെയ്യും. അഭിനയത്തിന്റെ കാര്യത്തിലല്ല, അല്ലാതെ തന്നെ. ലൊക്കേഷനിലുള്ള നമ്മുടെ പെരുമാറ്റം കുറച്ചുകൂടി മാന്യമായിരിക്കും(ചിരി).

സമ്മര്‍ ഇന്‍ ബത്‌ലഹേമിന് ശേഷം രഞ്ജിത്തേട്ടനും സിബി സാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൊത്ത്. രഞ്ജിത്തേട്ടന്‍ ഇതില്‍ അഭിനയിക്കുന്നുമുണ്ട്. രജ്ഞിത്തേട്ടന്‍ കൂടി ലൊക്കേഷനില്‍ ഉള്ളതുകൊണ്ട് രണ്ടുപേരുടേയും ഗൈഡന്‍സിലാണ് ഞാന്‍.

സിബി സാര്‍ ഭയങ്കര സൈലന്റാണ്. മിതമായി മാത്രം സംസാരിക്കുന്ന ആളാണ്. എന്നാല്‍ രഞ്ജി ഏട്ടന്‍ നേരെ ഓപ്പോസിറ്റാണ്. രാഷ്ട്രീയത്തില്‍ എന്റെയൊരു തലതൊട്ടപ്പനായാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്. എനിക്കൊപ്പം തന്നെയുള്ള ഒരു മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ടുപേരുടെ ഗൈഡന്‍സിലാണ് ഷാനു എന്ന കഥാപാത്രത്തെ ഞാന്‍ പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുന്നത്. അത് ശരിക്കും ഞാന്‍ ആസ്വദിക്കുന്നുണ്ട്, ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു.

എല്ലാം ശരിയാകും, കുഞ്ഞെല്‍ദോ, കുറ്റവും ശിക്ഷയും തുടങ്ങിയ ചിത്രങ്ങളാണ് ആസിഫിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more