തല്ലിപ്പൊളി ഗ്യാങ്ങായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളത്: ആസിഫ് അലി
Movie Day
തല്ലിപ്പൊളി ഗ്യാങ്ങായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 5:30 pm

ചലച്ചിത്ര മേഖലക്കുള്ളിലുള്ള സൗഹൃദവും കൂട്ടുകെട്ടുമെല്ലാം എന്നും കേള്‍ക്കാന്‍ രസമുള്ളവയാണ്.കൊച്ചി ഗ്യാങ്ങെന്നും മട്ടാഞ്ചേരി ഗ്യാങ്ങെന്നും ചെന്നൈ ഗ്യാങ്ങ് എന്നെല്ലാം പൊതുവെ കളിയാക്കിയും അല്ലാതെയും പറയുമെങ്കിലും യാഥാര്‍ഥ്യത്തില്‍ സിനിമക്കുള്ളിലും പുറത്തും സിനിമാക്കാര്‍ക്ക് സൗഹൃദ വലയങ്ങളുണ്ട്.

അത്തരത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ആസിഫ് അലിയും ഷറഫുദ്ദീനും . 2024 ജൂലൈ 26 ന് റിലീസ് ചെയ്ത സിനിമ ലെവല്‍ ക്രോസില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് .

ആസിഫ് അലി, ഷറഫുദ്ദീന്‍,അമല പോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍, സഹനടന്‍ എന്നതിലുപരി ഷറഫുദ്ദീന്‍ തന്റെ സുഹൃത്താണെന്നും സ്‌കൂളിലെ തല്ലിപ്പൊളി ഗ്യാങ്ങുപോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും പറയുകയാണ് ആസിഫ് അലി.

‘ആക്ടര്‍ എന്നതിലുപരി ഫ്രണ്ടായിട്ടാണ് ഷറഫുവിനെ ഞാന്‍ കാണുന്നത്. സ്‌കൂളിലെ തല്ലിപ്പൊളി ഗ്യാങ്ങ് എന്നൊക്കെ പറയില്ലേ, അത് ഞങ്ങളായിരുന്നു, അങ്ങനെയാണ് ഞങ്ങള്‍ക്ക് ഫീലായിട്ടുള്ളത്.

ലൊക്കേഷനിലെ ചില സംസാരങ്ങളിലൊക്കെ ചില കമന്റ് പറയണമെന്ന് തോന്നും പക്ഷെ സാഹചര്യംകൊണ്ട് പറയാന്‍പറ്റില്ല. അപ്പോഴൊക്കെ ഞാന്‍ ഇവനെ നോക്കും. ഷറഫുദ്ദീന്‍ അപ്പോഴേക്കും ചിരിക്കാന്‍ തുടങ്ങിട്ടുണ്ടാകും.

കറക്റ്റായിട്ടൊരു പ്ലാന്‍ എപ്പോഴും ഞങ്ങളുടെ ഇടയില്‍ ഉണ്ടാകും. അടുത്തതെന്താണെന്ന് പ്ലാന്‍ ചെയ്യാതെ തന്നെ ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളൊക്കെ ജീവിച്ച് വന്ന രീതികളും ഇന്‍ട്രാക്ട് ചെയ്യുന്ന രീതികളുമൊക്കെ സിമിലറാണ്. ചിലപ്പോള്‍ അതായിരിക്കാം ഞങ്ങള്‍ തമ്മിലുള്ള കണക്ഷന് കാരണം.’ കോ ആക്ടറായി ഷറഫുദ്ദീന്‍ എങ്ങനെയുണ്ടെന്നുള്ള അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ് അലി.

ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന ലേബലില്‍ വന്ന സിനിമ ഒരേ സമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി തീയറ്ററുകളില്‍ മുന്നേറുകയാണ്. ആധുനിക പെണ്‍കുട്ടിയും വ്യത്യസ്ത ലോകത്തില്‍ നിന്നുള്ള ഒരു പുരുഷനും ഒരു വിചിത്രമായ ലോകത്ത് കണ്ടുമുട്ടുന്നു. അവരുടെ വ്യത്യാസങ്ങള്‍ക്കിടയിലും, ജീവിതത്തെക്കുറിച്ച് അവര്‍ പ്രതീക്ഷിക്കാത്ത സമാനതകള്‍ കണ്ടെത്തുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

2013 ല്‍ ഇറങ്ങിയ നേരമാണ് ഷറഫുദ്ദീന്റെ ആദ്യ സിനിമ. ആദ്യകാലങ്ങളില്‍ കോമഡി റോളുകള്‍ മാത്രം ചെയ്തിരുന്ന ഷറഫുദ്ദീന്‍ പിന്നീട് വില്ലന്‍ കഥാപാത്രങ്ങളിലൂടെയും നായക വേഷങ്ങളിലൂടെയും തന്റെ വേര്‍സിറ്റാലിറ്റി തെളിയിച്ചു. 2009 ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് ആസിഫ് അലിയുടെ ആദ്യ സിനിമ.

Content Highlight: Asif Ali About Sharafudheen and their Frienship