| Wednesday, 4th December 2024, 1:02 pm

ആ ചിത്രത്തിലെ വില്ലൻ ഞാനാണെന്ന് ആളുകൾ പറഞ്ഞപ്പോൾ ടെൻഷനായി, അതും റിലീസിന് ഒരു ദിവസം മുമ്പ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ റോഷാക്കിലും ആസിഫ് ഭാഗമായിരുന്നു. ചിത്രത്തില്‍ ഒരിടത്തും മുഖം കാണിക്കാത്ത ദിലീപ് എന്ന കഥാപാത്രമായാണ് ആസിഫ് പ്രത്യക്ഷപ്പെട്ടത്. താരതമ്യേന ചെറിയ വേഷം ആസിഫ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ആസിഫിന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു റോഷാക്കിലെ ദിലീപ്.

ആ കഥാപാത്രത്തെ അവതരിപ്പിച്ചത് താനാണെന്ന് സിനിമയിൽ പ്രവർത്തിച്ച ആരെങ്കിലും പറഞ്ഞാൽ മാത്രമേ പ്രേക്ഷകർക്ക് മനസിലാവുകയുള്ളുവെന്ന് താൻ കരുതിയെന്നും എന്നാൽ ടീസർ ഇറങ്ങിയപ്പോൾ തന്നെ ആളുകൾ തന്നെ മനസിലാക്കിയെന്നും ആസിഫ് പറയുന്നു. അത് സിനിമയെ ബാധിക്കുമോയെന്ന ടെൻഷൻ തനിക്കുണ്ടായിരുന്നുവെന്നും സംവിധായകനോട് അത് ചോദിച്ചെന്നും ആസിഫ് പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ സ്പെൻഡ്‌ ചെയ്യാൻ കിട്ടുന്ന അവസരം താൻ ഒരിക്കലും മിസ് ആകില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.

‘മമ്മൂക്കയ്ക്ക് ഒരു ട്രിബ്യൂട്ട് കൊടുക്കണമെന്ന് പറഞ്ഞാൽ എന്താണ് ചെയ്യുകയെന്ന് എനിക്കിപ്പോഴും കൺഫ്യൂഷനാണ്. അതത്ര എളുപ്പമുള്ള കാര്യമല്ല. റോഷാക്കിലെ വേഷം ചെയ്യുമ്പോൾ ആ മുഖംമൂടി ധരിച്ചിരിക്കുന്നത് ആസിഫ് അലിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ മാത്രമേ പ്രേക്ഷകർ തിരിച്ചറിയൂ എന്നാണ് ഞാൻ കരുതിയത്.

പക്ഷെ സിനിമ റിലീസാവുന്നതിന്റെ ഒരു ദിവസം മുമ്പ് അവർ വിട്ട ഒരു ടീസറിൽ ഒരുപാട് ചർച്ചകൾ സോഷ്യൽ മീഡിയയിൽ വന്നു. ഞാനാണ് ആ സിനിമയിലെ വില്ലനെന്ന് പല ആളുകളും എഴുതി. അതൊക്കെ കണ്ടപ്പോൾ എനിക്കാകെ ടെൻഷനായി. അവസാനം ഞാൻ സംവിധായകൻ നിസാമിനെ വിളിച്ചു.

പ്രേക്ഷകർ അങ്ങനെയൊക്കെ മനസിലാക്കുന്നതുകൊണ്ട് നിങ്ങൾക്ക് പ്രശ്നമുണ്ടോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. മമ്മൂക്ക എന്താണ് പറഞ്ഞത്, മമ്മൂക്കയ്ക്ക് ദേഷ്യം തോന്നിയോയെന്ന് ഞാൻ ചോദിച്ചു. അങ്ങനെയൊരു കൺസേൺ ആയിരുന്നു എനിക്കന്ന് ഉണ്ടായിരുന്നത്. മമ്മൂക്കയോടൊപ്പം സ്പെൻഡ്‌ ചെയ്യാൻ കിട്ടുന്ന ഒരു സമയം, അതിപ്പോൾ ഒരു മിനിട്ടാണെങ്കിലും മണിക്കൂറാണെങ്കിലും ഒരു ദിവസമാണെങ്കിലും ഞാൻ മിസ് ചെയ്യില്ല,’ആസിഫ് അലി പറയുന്നു.m

Content Highlight: Asif Ali About Rorsharch Movie And Mammootty

We use cookies to give you the best possible experience. Learn more