അന്നെന്റെ ജീവിതവും കരിയറും അവസാനിച്ചതായി തോന്നി; സൈബർ ആക്രമണത്തെ കുറിച്ച് ആസിഫ് അലി
Entertainment
അന്നെന്റെ ജീവിതവും കരിയറും അവസാനിച്ചതായി തോന്നി; സൈബർ ആക്രമണത്തെ കുറിച്ച് ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th July 2024, 1:29 pm

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടത്.

രമേശ്‌ നാരായണനെതിരെയുള്ള സൈബർ ആക്രമണത്തെ തുടർന്ന് ആസിഫ് അലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തനിക്കുള്ള പിന്തുണ ഒരിക്കലും രമേശ്‌ നാരായണനെതിരെയുള്ള വിദ്വേഷമാവരുതെന്നും ആ നിമിഷം അനുഭവിച്ച മാനസിക പിരിമുറുക്കം കാരണമാവാം രമേശ്‌ നാരായണൻ അങ്ങനെ പ്രതികരിച്ചതെന്നും അത് മനുഷ്യ സഹജമാണെന്നും ആസിഫ് പറഞ്ഞിരുന്നു.

നിരവധി പേരായിരുന്നു ആസിഫ് അലിയുടെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നത്. ഇപ്പോൾ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ വിഷയത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആസിഫ് അലി.

ഒരിക്കൽ താനും അത്തരത്തിൽ സൈബർ ആക്രമണം നേരിട്ടുണ്ടെന്നും ജീവിതവും കരിയറും മുന്നോട്ട് പോവില്ലെന്ന സാഹചര്യമായിരുന്നു അതെന്നും ആസിഫ് അലി പറയുന്നു. നമ്മളെ അറിയാത്ത ഒരുപാട്പേർ കുറ്റം പറയുമ്പോൾ വലിയ നിസ്സഹായ അവസ്ഥയായിരിക്കുമെന്നും അതുകൊണ്ട് തന്നെ രമേശ് നാരായണന്റെ സാഹചര്യം തനിക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നും ആസിഫ് പറഞ്ഞു.

‘എനിക്കും അങ്ങനെയുള്ള സാഹചര്യങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ കരിയറും ലൈഫും ജീവിതത്തിലെ സമാധാനവും തീർന്നുവെന്ന് കരുതിയ ഒരു അവസരം വരെ ഉണ്ടായിരുന്നു. നമ്മൾ കാണാത്ത, നമ്മളെ അറിയാത്ത ആരൊക്കെയോ ഇരുന്ന് നമ്മളെ കുറ്റം പറയുമ്പോൾ ഒരു നിസ്സഹായവസ്ഥ വരും.

ഞാനതിൽ യൂസ്ടാണ്. അന്ന് ഞാനും ഒരുപാട് അനുഭവിച്ചിരുന്നു. അത് നോക്കുമ്പോൾ ഇത് വലിയ കാര്യമൊന്നുമല്ല. അതുകൊണ്ട് രമേശ്‌ നാരായണന്റെ സാഹചര്യം എനിക്ക് എളുപ്പത്തിൽ മനസിലായി. ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ പ്രകടമാണ്,’ ആസിഫ് പറഞ്ഞു.

 

Content Highlight: Asif Ali About  Ramesh Narayanan’s Situation After Cyber Attack