| Monday, 29th July 2024, 4:29 pm

ഹ്യൂമർ മാത്രം നോക്കിയെടുത്ത ആ ചിത്രത്തിന് ഒരു പൊളിറ്റിക്കൽ സൈഡുണ്ടെന്ന് ഞാൻ പിന്നെ മനസിലാക്കി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനായി നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.

അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫിന് പുറമെ വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ സ്ലീവച്ചന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യത്തെ കുറിച്ച് രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു കെട്ട്യോളാണെന്റെ മാലാഖ.

എന്നാൽ സിനിമയിലെ ഹ്യൂമർ മാത്രം നോക്കിയാണ് ചിത്രം താൻ തെരഞ്ഞെടുത്തതെന്നും പിന്നീടാണ് സിനിമയുടെ പൊളിറ്റിക്കൽ സൈഡിനെ കുറിച്ച് ചിന്തിക്കുന്നതെന്നും ആസിഫ് പറഞ്ഞു. എത്ര സമയമെടുത്താണെങ്കിലും വിശദമായി കഥ കേൾക്കുന്ന ആളാണ് താനെന്നും ആസിഫ് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘കേട്ടിട്ട് ഒരുപാട് സംശയങ്ങൾ ഉണ്ടാക്കിയ കഥകളുണ്ട്. കൂമൻ ചെയ്യുന്ന സമയത്തൊക്കെ അതിന്റെ കഥ കേട്ട് വീട്ടിൽ എത്തിയ ശേഷം ഒരുപാട് നേരം ആലോചിച്ചിട്ടുണ്ട്. അത് മാത്രമല്ല വേറെയും സിനിമകളുണ്ട് അങ്ങനെ.

ഇപ്പോൾ കെട്ട്യോളാണെന്റെ മാലാഖയുടെ കഥ, അത് ആദ്യമായി കേൾക്കുമ്പോഴും അത് കമ്മിറ്റ് ചെയ്യുമ്പോഴും അതിന്റെ ഹ്യൂമർ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. ആ ഹ്യൂമർ കേട്ടിട്ടാണ് ഞാൻ കെട്ട്യോളാണെന്റെ മാലാഖ ചെയ്യാൻ തീരുമാനിച്ചത്.

പക്ഷെ പിന്നീട് ആലോചിച്ച് വരുമ്പോഴാണ് അതിന്റെ വേറൊരു പൊളിറ്റിക്കൽ സൈഡിനെ പറ്റി ഞാൻ അറിയുന്നത്. അങ്ങനെ ഓരോ കഥ കേൾക്കുമ്പോഴും അത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാവാറുണ്ട്. ചർച്ച തുടങ്ങി കുറച്ച് സമയമെടുത്ത് ചെയ്യാമെന്ന് തീരുമാനിച്ച സിനിമകളുണ്ട്.

എനിക്ക് കഥ കേൾക്കുമ്പോൾ എപ്പോഴും ഒറ്റയിരിപ്പിന് കേൾക്കണം. ഞാൻ സിനിമ കാണുമ്പോഴും അങ്ങനെയാണ്. ഒരു ഇരുപ്പിന് ഒരു സിനിമ എനിക്ക് കണ്ട് തീർക്കണം. കഥ കേൾക്കുമ്പോഴും അങ്ങനെ തന്നെയാണ്, എത്ര സമയമെടുത്തിട്ടാണെങ്കിലും വിശദീകരിച്ച് കഥ പറയണം എന്നാണ് എല്ലാവരോടും ഞാൻ പറയാറുള്ളത്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali About Politics Of Kettyolanente Malakha Movie

We use cookies to give you the best possible experience. Learn more