മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നതാണ് ഉമ്മയുടെ ഫേവറേറ്റ് പഴഞ്ചൊല്ല്: ആസിഫലി
Entertainment news
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നതാണ് ഉമ്മയുടെ ഫേവറേറ്റ് പഴഞ്ചൊല്ല്: ആസിഫലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th August 2023, 7:59 am

രക്ഷിതാക്കള്‍ തന്നോട് ചെയ്ത ഏറ്റവും നല്ല കാര്യം തന്നെ ബോര്‍ഡിങ് സകൂളില്‍ ചേര്‍ത്തതാണെന്ന് നടന്‍ ആസിഫലി. താന്‍ പഠിക്കാന്‍ വളരെ മോശമായിരുന്നു എന്നും എക്‌സട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ ഒന്നും പങ്കെടുക്കാറില്ലായിരുന്നു എന്നും താരം പറഞ്ഞു. എന്നാല്‍ ഇന്ന് കാണുന്ന തരത്തില്‍ എന്നെ മാറ്റിയെടുത്തതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായത് അന്നത്തെ ഹോസ്റ്റല്‍ ലൈഫ് ആണെന്നും ആസിഫലി പറഞ്ഞു.

ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന യൂട്യൂബ് ചാനലിന്റെ ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ താരേ സമീന്‍ പര്‍ സിനിമ ശരിക്കും എന്റെ കഥയാണ്. ഞാന്‍ പഠിക്കന്‍ വളരെ മോശമായിരുന്നു. എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ ഒന്നും ഞാനുണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ കരുതിയിരുന്നത്, എനിക്കൊരു അനിയന്‍ ഉണ്ടായത് കൊണ്ടാണ് എന്നെ ബോര്‍ഡിങ്ങില്‍ ആക്കിയത് എന്നായിരുന്നു. പക്ഷെ എന്റെ ലൈഫില്‍ എന്നോട് രക്ഷിതാക്കള്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് എന്നെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു എന്നത്.

ഞാന്‍ സ്വയം പര്യാപ്തനാകാനും ഇന്ന് ഇങ്ങനെ ആളുകളെ ഫേസ് ചെയ്ത് ഇതുപോലെ സംസാരിക്കാനുമൊക്കെ എന്നെ പ്രാപ്തനാക്കിയത് എന്റെ ബോര്‍ഡിങ് ജീവിതമാണ്. സിനിമ ആഗ്രഹിച്ച് എറണാകുളത്ത് വന്നുനിന്ന എന്റെ സ്ട്രഗ്‌ളിങ്ങ് കാലത്തെ ഓവര്‍കം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കിയതും എന്റെ ഹോസ്റ്റല്‍ ലൈഫാണ് .

ഉപ്പയെ കുറിച്ച് ഞാന്‍ നിരവധിയിടങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഉമ്മായെ പറ്റി പറയുകയാണെങ്കില്‍, ഉമ്മ പറയുന്ന കുറെ കഥകളുണ്ട്. പഴഞ്ചൊല്ലുകള്‍ വെച്ചാണ് ഉമ്മ കഥ പറയാറുള്ളത്. ഉമ്മ എപ്പോഴും പറയുന്ന പഴഞ്ചൊല്ലാണ് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നത്,’ ആസിഫലി പറഞ്ഞു.

content highlights; Asif ali about mother and hostel life