ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ റോഷാക്കിലും ആസിഫ് ഭാഗമായിരുന്നു. ചിത്രത്തില്‍ ഒരിടത്തും മുഖം കാണിക്കാത്ത ദിലീപ് എന്ന കഥാപാത്രമായാണ് ആസിഫ് പ്രത്യക്ഷപ്പെട്ടത്. താരതമ്യേന ചെറിയ വേഷം ആസിഫ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ മമ്മൂട്ടി ആസിഫിന് റോളക്‌സ് വാച്ച് സമ്മാനിക്കുകയും ചെയ്തിരുന്നു.
ആ സമ്മാനം തനിക്ക് ലഭിച്ചപ്പോള്‍ രാജാവിന്റെ കൈയില്‍ നിന്ന് പട്ടും വളയും കിട്ടിയ ഫീലായിരുന്നെന്ന് ആസിഫ് പറഞ്ഞു. ഒരുപാട് കാലമായി ഒരു റോളക്‌സ് വാച്ച് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അത് സമ്മാനമായി കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ ഏറ്റവും മികച്ച മൊമന്റുകളിലൊന്നായിരുന്നു ആ സമ്മാനമെന്നും ആസിഫ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് കിട്ടിയ വലിയൊരു അവാര്‍ഡായാണ് ആ റോളക്‌സ് വാച്ചിനെ കാണുന്നത്. എന്റെ കുറേക്കാലത്തെ ആഗ്രഹമാണ് ഒരു റോളക്‌സ് വാച്ച് സ്വന്തമാക്കണമെന്നുള്ളത്. അതിനുള്ള ബാങ്ക് ബാലന്‍സ് എനിക്ക് എപ്പോള്‍ വരുമെന്ന് നോക്കി നിന്ന സമയത്താണ് റോഷാക്കിന്റെ സക്‌സസ് മീറ്റില്‍ അദ്ദേഹം എനിക്ക് റോളക്‌സ് വാച്ച് സമ്മാനിച്ചത്.
ആ ഒരു മൊമന്റ് എന്റെ ലൈഫിലെ വളരെ സ്‌പെഷ്യലായിട്ടുള്ള മൊമന്റുകളിലൊന്നാണ്. അതിന് ഒരു ഉദാഹരണം പറയുകയാണെങ്കില്‍ രാജാവിന്റെ കൈയില്‍ നിന്ന് പട്ടും വളയുമൊക്കെ കിട്ടാറില്ലേ, ആ ഒരു ഫീലായിരുന്നു എനിക്ക്. ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് കിട്ടിയ വളരെ നല്ലൊരു സമ്മാനമായിരുന്നു ആ വാച്ച്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about Mammooty’s gift on Rorschach success meet