| Thursday, 3rd November 2022, 10:27 am

കുഞ്ചാക്കോ ബോബനല്ലേ?; റോഷാക്കില്‍ മാസ്‌ക്കിട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്ക അടുത്ത് വന്നു ചോദിച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനല്ലേ എന്ന ചോദ്യം തനിക്ക് നേരെ വരാന്‍ തുടങ്ങിയിട്ട് കാലം കുറേയായെന്ന് നടന്‍ ആസിഫ് അലി. ഇപ്പോഴും പല സ്ഥലങ്ങളില്‍ പോകുമ്പോഴും ആളുകള്‍ തന്നോട് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കാറുണ്ടെന്നും ആസിഫ് അലി പറയുന്നു.

ഏറ്റവും ഒടുവില്‍ റോഷാക്ക് സിനിമയുടെ സെറ്റില്‍ മാസ്‌ക് ഇട്ടു നില്‍ക്കുമ്പോള്‍ സാക്ഷാല്‍ മമ്മൂട്ടി പോലും അടുത്ത് വന്ന് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിച്ച് തന്നെ ട്രോളിയെന്നാണ് ആസിഫ് അലി പറയുന്നത്. കൂമന്‍ സിനിമയുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോഴും പല സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആളുകള്‍ എന്നോട് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കാറുണ്ട്. ചില സമയത്ത് അത് ഭയങ്കര ഇറിറ്റേറ്റിങ്ങും ആണ്. റോഷാക്ക് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ആ മാസ്‌ക്ക് ഇട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്ക എന്റെ അടുത്ത് വന്നിട്ട് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിച്ചു (ചിരി).

ചാക്കോച്ചനോടും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ചാക്കോച്ചനോട് ആളുകള്‍ ഇത്രയും ചോദിച്ചിട്ടുണ്ടാകില്ല കുഞ്ചാക്കോ ബോബനല്ലേയെന്ന്,’ ആസിഫ് പറയുന്നു.

ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന ആസിഫ് അലിയോട് മാമുക്കോയയുടെ കഥാപാത്രമാണ് ഈ ഡയലോഗ് ചോദിക്കുന്നത്. പുതുതായി തുറന്ന ഉസ്താദ് ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ആസിഫ് അലിയെത്തുന്ന രംഗമാണ് ചിത്രത്തിലുള്ളത്.

ഹോട്ടല്‍ ജീവനക്കാരനായ മാമുക്കോയ ആസിഫിന്റെ മുഖത്തേക്ക് കുറേ നേരം തുറിച്ചു നോക്കിയ ശേഷം കുഞ്ചാക്കോ ബോബനല്ലേയെന്ന് ചോദിക്കുന്നു. അല്ല…ഞാന്‍ അമിതാഭ് ബച്ചനാ…എന്നാണ് ദേഷ്യത്തോടെ ആസിഫ് നല്‍കുന്ന മറുപടി.

ഈ രംഗം പിന്നീട് ട്രോളന്‍മാരും ഏറ്റെടുത്തു. ഈയൊരു സീനില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആസിഫിന് കിട്ടിയ മൈലേജും വലുതായിരുന്നു.

ആ രംഗത്തിന് പിന്നിലെ കഥ ആസിഫ് തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഈ ജോക്കിന്റെ എല്ലാ ക്രെഡിറ്റും മാമുക്കോയക്കാണ് എന്നായിരുന്നു ആസിഫ് പറഞ്ഞത്.

ഈ രംഗം ചിത്രീകരിക്കുന്ന ദിവസം ഇതേ തമാശ മാമുക്കോയ സെറ്റില്‍ പൊട്ടിച്ചിരുന്നു. സംഭവം ഇഷ്ടപ്പെട്ട സംവിധായകന്‍ അന്‍വര്‍ റഷീദ് അത് സിനിമയിലുള്‍പ്പെടുത്തിയെന്നായിരുന്നു ആസിഫ് പറഞ്ഞത്.

ചില ഗസ്റ്റ് റോളുകള്‍ തന്റെ കരിയറിന് വലിയ ഗുണം ചെയ്തിട്ടുണ്ടെന്നും റോഷാക്കില്‍ നിസാം വിളിച്ചത് ഒരുപക്ഷേ അവര്‍ക്ക് അത് താന്‍ ചെയ്താല്‍ കൊള്ളാമെന്നുള്ളതുകൊണ്ടാവാമെന്നും ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു.

എന്തെങ്കിലും മാജിക് ചെയ്‌തേക്കാമെന്ന് കരുതി പോയതൊന്നുമല്ല. റിലീസിന് ശേഷം അണിയറപ്രവര്‍ത്തകര്‍ ആ വേഷം ചെയ്തത് ആസിഫ് അലിയാണെന്ന് പറയുമ്പോള്‍ ആളുകള്‍ തിരിച്ചറിയുമെന്നാണ് വിചാരിച്ചത്. പക്ഷേ ട്രെയ്‌ലര്‍ ഇറങ്ങി എന്റെ കണ്ണ് കണ്ടപ്പോള്‍ തന്നെ ആളുകള്‍ മനസിലാക്കി. എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷം തോന്നിയ സമയമായിരുന്നു. ടീസറിലെ മൂന്ന് ഷോട്ടില്‍ ആളുകള്‍ എന്നെ മനസിലാക്കിയപ്പോള്‍ സന്തോഷവും അഭിമാനവും തോന്നിയിരുന്നു, ആസിഫ് പറഞ്ഞു.

Content Highlight: Asif Ali about Mammootty Troll and Kunjacko Boban

We use cookies to give you the best possible experience. Learn more