നവാഗതനായ അർഫാസ് അയൂബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ലെവൽ ക്രോസ്. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥ പശ്ചാത്തലമാണ് സംസാരിക്കുന്നത്.
വിജനമായ ഒരു സ്ഥലത്തെ ലെവൽ ക്രോസും അതിന്റെ കാവൽക്കാരനായ രഘുവിനെയും ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ട് പോവുന്നത്. പൂർണമായി ടുണിഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രവുമാണ് ലെവൽ ക്രോസ്.
ചിത്രത്തിൽ ഒരു ഗ്രാമത്തെ കുറിച്ച് ആസിഫ് അലി പറയുന്ന ഡയലോഗുണ്ട്, ആ ഗ്രാമത്തിൽ പണ്ട് തലകുത്തി നടക്കുന്ന ഭൂതങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്, എന്നാണ് ആ ഡയലോഗ്. എന്നാൽ സിനിമയുടെ ലൊക്കേഷനിൽ നിൽക്കുമ്പോൾ ആ അനുഭവം ശരിക്കും ഫീൽ ചെയ്യാൻ കഴിഞ്ഞിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്.
സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്തത് കൊണ്ട് വലിയ നിശബ്ദതയായിരുന്നു സെറ്റിലെന്നും ഒരു നടൻ എന്ന നിലയിൽ ആ ആമ്പിയൻസും വേഷവുമെല്ലാം തന്റെ അഭിനയത്തെ നന്നായി സഹായിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തലകുത്തി നടക്കുന്ന ഭൂതങ്ങൾ ഉണ്ടെന്ന് പറയുന്ന ഒരു ഡയലോഗുണ്ട് ചിത്രത്തിൽ. അത് ശരിക്കും ഞങ്ങൾക്ക് ഫീൽ ചെയ്യാൻ പറ്റുമായിരുന്നു ആ ലൊക്കേഷനിൽ. അവിടെ കണ്ണെത്താ ദൂരത്തോളം മരുഭൂമിയാണ്.
അതിന്റെ നടുവിലായിട്ടാണ് ഈ സെറ്റ് നിൽക്കുന്നത്. ഒരു സൈഡിൽ റെയിൽവേ ട്രാക്കുണ്ട്. സിങ്ക് സൗണ്ടിലാണ് ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പിൻ ഡ്രോപ്പ് സൈലന്റ് ആയിരുന്നു ഓരോ ഷോട്ടിനും.
അതിൽ എന്റെ വീടിന്റെ കോബൗണ്ട് പോലെ ഞാൻ സെറ്റ് ചെയ്ത് വെച്ചൊരു സ്ഥലമുണ്ട്. ആ ഗേറ്റ് ക്ലോസ് ചെയ്യാനായി ഞാൻ ഇറങ്ങി പോവുന്ന ഒരു ഷോട്ടിലാണ്, ഞാൻ മാത്രമാണ് ആ സ്പേസിൽ നിൽക്കുന്നതെന്ന് മനസിലാവുന്നത്.
നടന്ന് വന്ന് ഗേറ്റ് അടച്ചിട്ട് തിരിഞ്ഞെന്റെ വീട്ടിലേക്ക് നോക്കുമ്പോൾ ഒരു വലിയ സൈലന്റ്‌സ് ഉണ്ട്. അതിൽ എനിക്ക് അവിടത്തെ ആമ്പിയൻസ് കണക്റ്റ് ആയി. ഒരു നടൻ എന്ന നിലയിൽ ഞാൻ എടുത്ത കഷ്ടപ്പാടിനെക്കാൾ ഒരുപാട് സപ്പോർട്ട് ചെയ്തത് ഇങ്ങനെയുള്ള ആമ്പിയൻസും വേഷവും ഗെറ്റപ്പും ഒക്കെയാണ്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Location Of Level Cross Movie