| Monday, 16th May 2022, 9:51 am

ഈയടുത്ത കാലത്തെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നാണ് അത്; വൈറസിന് ശേഷം ഒന്നരമാസം കഴിഞ്ഞപ്പോഴാണ് സര്‍പ്രൈസിങ്ങായി രാജീവേട്ടന്റെ മെസേജ് വന്നത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയെ കേന്ദ്ര കഥാപത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും മെയ് 27ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടന്‍ സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത് ദിവാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കുറ്റവും ശിക്ഷയും സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ആസിഫ് അലി.

ഒരു റിയലിസ്റ്റിക് പൊലീസ് കഥാപാത്രമായതുകൊണ്ടാണ് കുറ്റവും ശിക്ഷയും ചെയ്യാന്‍ തീരുമാനിച്ചതെന്നും സ്ഥിരം കാണുന്നത് പോലെ സിനിമാറ്റിക് പൊലീസുകാരനാണെങ്കില്‍ ഒരുപക്ഷെ ഈ സിനിമ ചെയ്യില്ലായിരുന്നെന്നുമാണ് ആസിഫ് പറയുന്നത്.

”മുഴുവന്‍ സ്‌ക്രിപ്റ്റും കിട്ടിയ ശേഷമേ പടം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കൂ, എന്ന് ഈയടുത്ത കാലത്തെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നാണ്. ആദ്യം തന്നെ പോയി മുഴുവന്‍ സ്‌ക്രിപ്റ്റ് കേട്ട് തീരുമാനമെടുക്കാന്‍ കഴിയില്ല.

ആദ്യം ഒരു നരേഷന്‍ പറഞ്ഞ്, അതില്‍ എനിക്ക് താല്‍പര്യമുണ്ട് എന്ന് തോന്നിയാല്‍ ഫുള്‍ സ്‌ക്രിപ്റ്റ് വാങ്ങി വായിച്ച്, എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന സിനിമയാണെന്ന് തോന്നിയാലേ ആ സിനിമ ചെയ്യുകയുള്ളൂ.

പിന്നെ രാജീവേട്ടനെ പോലെ ഒരാള്‍ എന്നെ വിളിച്ചത് ആ കഥാപാത്രം ചെയ്യാന്‍ എന്നെക്കൊണ്ട് പറ്റും എന്ന ഉറപ്പുള്ളത് കൊണ്ടായിരിക്കാം. കാരണം അദ്ദേഹത്തിന് അത്രയും ഓപ്ഷന്‍സുണ്ട്. അദ്ദേഹം വിളിച്ചാല്‍ വരാത്ത ഒരു നടനും സിനിമയിലുണ്ടെന്ന് തോന്നുന്നില്ല.

രാജീവേട്ടന്‍ വൈറസ് ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ഏകദേശം ഒന്നരമാസം കഴിഞ്ഞപ്പോഴാണ് രാജീവേട്ടന്‍ വളരെ സര്‍പ്രൈസിങ്ങായി എനിക്ക് മെസേജ് വരുന്നത്. ഞാന്‍ രാജീവ് രവിയാണ്, ഒന്ന് ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കണം, എന്ന് പറഞ്ഞു.

ഞാന്‍ ഫ്രീ ആയപ്പോള്‍ സാറിനെ വിളിച്ചു, എന്റെയടുത്ത് ഇങ്ങനെ സ്‌ക്രിപ്റ്റ് ഉണ്ട്, സിബി വിളിച്ച് കഥ പറയും, ആസിഫ് അതൊന്ന് കേട്ടുനോക്ക്, ആസിഫിന് ഓക്കെയാണെങ്കില്‍ നമുക്കത് ചെയ്യാം, എന്ന് പറഞ്ഞു.

അപ്പോഴും ഞാന്‍ പേടിച്ചിരുന്നത് ഒരു പൊലീസുകാരനായി വരണം എന്നുള്ളതായിരുന്നു. ഏതൊക്കെ രീതിയില്‍ തയ്യാറെടുപ്പ് വേണം എന്ന കണ്‍ഫ്യൂഷന്‍ ഭയങ്കരമായി ഉണ്ടായിരുന്നു. പക്ഷെ, സിബി സാറുമായുള്ള ഇന്ററാക്ഷനിലാണ് സിനിമയില്‍ കാണുന്ന പൊലീസുകാരും റിയല്‍ ലൈഫ് പൊലീസുകാരും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മലസിലായത്.

നമ്മള്‍ സാധാരണക്കാരെ പോലെ തന്നെയാണ് പൊലീസുകാരും എന്ന റിയലിസ്റ്റിക് ചിന്തയിലാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ഇതൊരു സിനിമാറ്റിക് പൊലീസുകാരനാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ചെയ്യില്ലായിരുന്നു,” ആസിഫ് അലി പറഞ്ഞു.

ആസിഫിനൊപ്പം സെന്തില്‍ കൃഷ്ണ, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Asif Ali about Kuttavum Shikshayum movie and Rajeev Ravi

We use cookies to give you the best possible experience. Learn more