കെട്ട്യോളാണ് എന്റെ മാലാഖയുടെ സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് അതിന്റെ ഹ്യൂമര്‍ മാത്രമേ എനിക്ക് വര്‍ക്കായുള്ളൂ, ബാക്കി ഒന്നും ഞാന്‍ ആലോചിച്ചില്ല: ആസിഫ് അലി
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ പലരും ഉള്‍പ്പെടുത്തുന്ന സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ അവസാനനിമിഷം വരെ മികച്ച നടനുള്ള അവാര്‍ഡ് പട്ടികയില്‍ ആസിഫിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ആ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി. പല സ്‌ക്രിപ്റ്റുകളും ആദ്യം വായിക്കുമ്പോള്‍ കണ്‍ഫ്യൂഷനുണ്ടാകാറുണ്ടെന്ന് ആസിഫ് പറഞ്ഞു. എന്നാല്‍ കെട്ട്യോളാണ് എന്റെ മാലാഖയുടെ സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് അതിലെ ഹ്യൂമര്‍ മാത്രമേ തനിക്ക് വര്‍ക്കായുള്ളൂവെന്നും ആസിഫ് പറഞ്ഞു.
മാരിറ്റല്‍ റേപ്പ് പോലെ സെന്‍സിറ്റീവായിട്ടുള്ള വിഷയം പറയുന്ന സ്‌ക്രിപ്റ്റാണ് അതെന്ന് തനിക്ക് പിന്നീടാണ് മനസിലായതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. കൂമന്‍ എന്ന സിനിമയുടെ കഥ കേട്ട സമയത്തും തനിക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും അതിന്റെ റൈറ്റര്‍ കൃഷ്ണകുമാറിനോട് ഓരോ തവമയും സംശയം ചോദിക്കുമായിരുന്നെന്നും ആസിഫ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
‘കെട്ട്യോളാണ് എന്റെ മാലാഖയുടെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോള്‍ അതിലെ ഹ്യൂമര്‍ എലമെന്റ് മാത്രമാണ് ഞാന്‍ ക്യാച്ച് ചെയ്തത്. പിന്നീട് വീട്ടിലെത്തി ഇരുന്ന് ആലോചിച്ചപ്പോളാണ് അതിന്റെ പൊളിറ്റിക്കല്‍ സൈഡും ആ സിനിമ പറയുന്ന സ്റ്റേറ്റ്‌മെന്റിനെക്കുറിച്ചുമൊക്കെ ആലോചിക്കുന്നത്. മാരിറ്റല്‍ റേപ്പ് പോലൊരു സബ്ജക്ടാണ് ആ സിനിമക്കെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്.
അതുപോലെ കൂമന്റെ കഥ കേട്ട സമയത്ത് എനിക്ക് ഇന്‍ട്രസ്റ്റിങ്ങായി തോന്നി. പക്ഷേ പിന്നീട് ആ കഥയില്‍ സംശയങ്ങള്‍ വന്നപ്പോള്‍ ഞാന്‍ കൃഷ്‌ണേട്ടനോട് എല്ലാം വിശദമായി ചോദിച്ച് മനസിലാക്കി. കഥ കേള്‍ക്കുമ്പോള്‍ ഒറ്റയിരുപ്പിന് കേള്‍ക്കാനാണ് ഞാന്‍ എപ്പോഴും പ്രിഫര്‍ ചെയ്യുന്നത്. മുഴുവന്‍ കേട്ട് ശേഷമായിരിക്കും ഞാന്‍ അവരുമായി ഇന്ററാക്ട് ചെയ്യുന്നത്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about Ketyolaanu Ente Malakaha and Kooman movie