| Thursday, 1st August 2024, 8:15 am

വെറുതെ വലിച്ചുനീട്ടണ്ട എന്ന് കരുതി കെട്ട്യോളാണെന്റെ മാലാഖയുടെ ക്ലൈമാക്‌സിലെ കുറച്ച് ഭാഗം ഒഴിവാക്കിയിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. ആസിഫ് അലി നായകനായ ചിത്രം വന്‍ വിജയമായിരുന്നു. അതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ആസിഫിന്റെ പെര്‍ഫോമന്‍സിനെയും പലരും അഭിനന്ദിച്ചിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആസിഫ്. ആ സീനില്‍ മൂന്ന് പേജോളം വരുന്ന ഭാഗം ഷൂട്ട് ചെയ്യാതെ ഒഴിവാക്കിയെന്ന് ആസിഫ് പറഞ്ഞു. ആസിഫ് അവതരിപ്പിച്ച സ്സീവാച്ചന്‍ റിന്‍സിയോട് സംസാരിച്ച് ബെഡില്‍ ഇരിക്കുന്നത് വരെ ഷൂട്ട് ചെയ്തപ്പോള്‍ സംവിധായകന്‍ നിസാം ബഷീര്‍ കട്ട് വിളിച്ചുവെന്ന് ആസിഫ് പറഞ്ഞു.

അതുവരെയുള്ള ഡയലോഗില്‍ തന്നെ തങ്ങള്‍ ഉദ്ദേശിച്ചത് പ്രേക്ഷകര്‍ക്ക് കണ്‍വേ ആയെന്ന് മനസിലാവുകയും ബാക്കിയുള്ള ഭാഗമെടുത്താല്‍ ആളുകള്‍ക്ക് മടുപ്പാകുമെന്ന് തോന്നിയെന്നും ആസിഫ് പറഞ്ഞു. വെറുതേ വലിച്ചുനീട്ടണ്ട എന്ന് ഉദ്ദേശിച്ച് ആ ഒരു ഭാഗത്തില്‍ സിനിമ നിര്‍ത്തിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കെട്ട്യോളാണ് എന്റെ മാലാഖയുടെ ക്ലൈമാക്‌സില്‍ മൂന്ന് പേജ് കൂടെ ഡയലോഗ് ഉണ്ടായിരുന്നു. റിന്‍സിയുടെ കൂടെ ബെഡ്ഡില്‍ കയറിയിരുന്നിട്ടുള്ള സംഭാഷണം ഒരു പോയിന്റെത്തിയപ്പോള്‍ നിസാം കട്ട് വിളിച്ചു. ‘നമ്മള്‍ പറയാനുദ്ദേശിച്ചത് ഇതാണ്. നമ്മള്‍ ആ കാര്യം കണ്‍വേ ചെയ്തു. ഇനിയങ്ങോട്ട് വലിച്ചുനീട്ടണോ’ എന്ന് നിസാമും തങ്കവും തമ്മില്‍ ചര്‍ച്ച ചെയ്തു.

ആ ഒരു കാര്യം ഓര്‍ഗാനിക്കായി സംഭവിച്ചതാണ്. ഇനിയും സ്ലീവാച്ചന്‍ സംസാരിച്ചുകൊണ്ടിരുന്നാല്‍ അതിന്റെ ഭംഗി ചിലപ്പോള്‍ പോകും. നമ്മള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ സംസാരിക്കാന്‍ പറ്റിയത്. വേണമെങ്കില്‍ തങ്കത്തിന് പറയാമായിരുന്നു, ‘ഞാനെഴുതിയ സ്‌ക്രിപ്റ്റാണ്, ഷൂട്ട് ചെയ്‌തേ പറ്റൂ’ എന്നൊന്നും പറയാന്‍ നിന്നില്ല. അതാണ് ആ സിനിമയുടെ മാജിക്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about Kettyolanu Ente Malakha movie climax

We use cookies to give you the best possible experience. Learn more