Entertainment
ആ റിവ്യൂവര്‍ ഞാന്‍ ചെയ്ത നല്ല സിനിമകളെ പരിഗണിക്കാതെ എന്നെ കുറ്റം പറഞ്ഞത് കേട്ട് തകര്‍ന്നുപോയി: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 22, 02:43 am
Monday, 22nd July 2024, 8:13 am

15 വര്‍ഷമായി മലാളസിനിമയിലെ നിറസാന്നിധ്യമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടനാകാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ കുറച്ചു കാലങ്ങളായി താരത്തിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കിയിരുന്നില്ല.

അവസാനമിറങ്ങിയ തലവന്‍ ഏറെക്കാലത്തിന് ശേഷം ആസിഫിന് കിട്ടിയ ഹിറ്റ് ചിത്രമായി മാറി. താന്‍ അഭിനയിച്ച സിനിമകള്‍ക്ക് മോശം അഭിപ്രായമാണ് കിട്ടിയതെന്നറിഞ്ഞിട്ടും അതിന്റെ റിവ്യൂ വീഡിയോ കാണേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്ന് പറയുകയാണ് ആസിഫ് അലി.

കാസര്‍ഗോള്‍ഡ് എന്ന സിനിമക്ക് കോഴിക്കോടുള്ള ഒരു റിവ്യൂവര്‍ താന്‍ ചെയ്ത നല്ല സിനിമകളെ പരിഗണിക്കാതെ വളരെ മോശമായി പറഞ്ഞത് കേട്ട് തകര്‍ന്നുപോയെന്ന് ആസിഫ് പറഞ്ഞു.താന്‍ എടുത്ത എഫര്‍ട്ടിനെപ്പറ്റി പോലും ആരും സംസാരിക്കുന്നത് കേള്‍ക്കാറില്ലെന്നും താരം പറഞ്ഞു.

ഇത്ര കാലം എങ്ങനെയാണ് താന്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായതെന്ന് ചോദിച്ചുകൊണ്ടാണ് ആ റിവ്യൂവര്‍ വീഡിയോ അവസാനിപ്പിച്ചതെന്നും ആസിഫ് പറഞ്ഞു. അത്തരം പരാമര്‍ശങ്ങള്‍ കേട്ട ശേഷം ആദ്യം മുതല്‍ തുടങ്ങാമെന്ന് തീരുമാനിച്ചുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിലെ നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഓരോ പ്രാവശ്യവും നമ്മള്‍ ചെയ്യുന്ന സിനിമക്ക് മോശം അഭിപ്രായം കിട്ടുന്നത് വല്ലാതെ ബാധിക്കാറുണ്ട്. അങ്ങനത്തെ അവസ്ഥയില്‍ നമുക്ക് താത്പര്യമില്ലാതിരുന്നിട്ടും ചെയ്യേണ്ടി വരുന്ന കാര്യമാണ് ആ സിനിമകളുടെ റിവ്യൂ വീഡിയോ കാണുക എന്നുള്ളത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ആളുകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ വേണ്ടിയാണ് ആ റിവ്യൂ വീഡിയോ എല്ലാം കാണുന്നത്. കാസര്‍ഗോള്‍ഡ് എന്ന സിനിമ ഇറങ്ങിയ സമയത്ത് ഒരു റിവ്യൂ വീഡിയോ കണ്ടിരുന്നു.

കോഴിക്കോട് നിന്നുള്ള ഒരു റിവ്യൂവര്‍ വളരെ മോശമായിട്ടായിരുന്നു റിവ്യൂ ചെയ്തത്. ഞാന്‍ ചെയ്ത നല്ല സിനിമകളെപ്പോലും പരിഗണിക്കാതെ ‘ആസിഫ് അലി എങ്ങനെയാണ് ഇത്രയും കാലം ഇന്‍ഡസ്ട്രിയുടെ ഭാഗമായി നിന്നത്’ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്. അത് കണ്ടപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി. പലപ്പോഴും ഞാന്‍ എടുത്ത എഫര്‍ട്ടിനെപ്പറ്റിപ്പോലും ആരും പറയാത്തതു കൊണ്ട് ഇനി ഒന്നേന്ന് തുടങ്ങാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about Kasargold movie review