| Saturday, 14th October 2023, 10:37 pm

കണ്ണൂര്‍ സ്‌ക്വാഡ് ഓടിയത് പോലെ കുറ്റവും ശിക്ഷയും വിജയിച്ചില്ലല്ലോ; ആസിഫിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥയിലും പശ്ചാലത്തിലും സാമ്യമുണ്ടെങ്കിലും രണ്ട് തരത്തിലുള്ള തിയേറ്റര്‍ റെസ്‌പോണ്‍സ് കിട്ടിയ ചിത്രങ്ങളാണ് കണ്ണൂര്‍ സ്‌ക്വാഡും കുറ്റവും ശിക്ഷയും. കൊമേഷ്യല്‍ ചേരുവകളോടെ നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചപ്പോള്‍ റിയലിസ്റ്റിക് വഴിയില്‍ കഥ പറഞ്ഞ കുറ്റവും ശിക്ഷയും തിയേറ്ററില്‍ വീണുപോയിരുന്നു. രണ്ട് ചിത്രങ്ങളേും പറ്റിയുള്ള താരതമ്യങ്ങളോട് പ്രതികരിക്കുകയാണ് ആസിഫ് അലി.

കുറ്റവും ശിക്ഷയും സിനിമക്കും തന്റെ കഥാപാത്രത്തിനും പ്രശംസ ലഭിച്ചെങ്കിലും തിയേറ്ററിലെ വിജയമാണ് ഏറ്റവും സന്തോഷം നല്‍കുന്നതെന്നും അത് ചിത്രത്തിന് ലഭിച്ചില്ലെന്നും ആസിഫ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണൂര്‍ സ്‌ക്വാഡ് ഓടിയത് പോലെ കുറ്റവും ശിക്ഷയും വിജയിച്ചില്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചത്.

‘രാജീവ് സാര്‍ കഥ പറയാന്‍ ആഗ്രഹിച്ചിരുന്ന ഒരു രീതിയുണ്ട്. വളരെ റോ ആണ് അദ്ദേഹത്തിന്റെ സിനിമകള്‍. കണ്ണൂര്‍ സ്‌ക്വാഡിന്റെയും കുറ്റവും ശിക്ഷയുടേയും കഥകളില്‍ സാമ്യങ്ങള്‍ ഉണ്ട്. ടാര്‍ഗെറ്റ് ചെയ്യുന്ന പ്രേക്ഷകരെയാണ് മേക്കിങ്ങിന്റെ സമയത്ത് ആദ്യം പരിഗണിക്കേണ്ടത്. മാസ് ഓഡിയന്‍സിന് വേണ്ടിയുള്ള എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിച്ചത്. കുറ്റവും ശിക്ഷയിലേക്കും വന്നപ്പോള്‍ കുറച്ചുകൂടി റിയലിസ്റ്റിക്കായി.

അത് നല്ല സിനിമയായിരുന്നു. സാജന്‍ എന്ന കഥാപാത്രത്തെ പറ്റി ഒരുപാട് പേര്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. എന്റെ ആദ്യസിനിമ സംവിധാനം ചെയ്തത് ശ്യാമപ്രസാദ് സാറാണ്. അദ്ദേഹം ആദ്യമായി എന്റെ സിനിമ കണ്ടിട്ട് മെസേജ് ചെയ്യുന്നത് കുറ്റവും ശിക്ഷയും ഇറങ്ങിയതിന് ശേഷമാണ്. മലയാളത്തിലെ എണ്ണം പറഞ്ഞ പൊലീസ് കഥാപാത്രങ്ങളിലൊന്നായിരിക്കും സാജന്‍ എന്നാണ് സാര്‍ എന്നോട് പറഞ്ഞത്. അത്തരത്തിലുള്ള ഒരുപാട് സന്തോഷങ്ങള്‍ കുറ്റവും ശിക്ഷയും നല്‍കിയിട്ടുണ്ട്. എന്നാല്‍ അള്‍ട്ടിമേറ്റ് സന്തോഷം തിയേറ്ററില്‍ സിനിമ ഓടുന്നത് തന്നെയാണ്. അത് സംഭവിച്ചില്ല,’ ആസിഫ് അലി പറഞ്ഞു.

ഒറ്റയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ആസിഫ് അലിയുടെ ചിത്രം. റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധായകനാവുന്ന ചിത്രത്തില്‍ സത്യരാജ്, രോഹിണി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Asif Ali about kannur squad and kuttavum sikshayum

We use cookies to give you the best possible experience. Learn more