| Friday, 12th July 2024, 11:41 am

ലൊക്കേഷനില്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ല, നല്ല ചീത്ത പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനായെത്തുന്ന ‘ലെവല്‍ ക്രോസ്’ ജൂലൈ 26 ന് തിയേറ്ററുകളില്‍ എത്തുകയാണ്. അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് അര്‍ഫാസ് അയൂബ്. കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ആസിഫ് എത്തുന്നത്.

ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മേക്കിങ്ങിലും വ്യത്യസ്ത പരീക്ഷിച്ച ചിത്രമാണ് ലെവല്‍ ക്രോസ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ‘ലെവല്‍ ക്രോസി’നുണ്ട്.

തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് ജീത്തു ജോസഫിന്റെ പങ്കാളി കൂടിയായ ലിന്റ ജീത്തു ജോസഫാണ്. ചിത്രത്തില്‍ ആകെ മൂന്ന് കോസ്റ്റ്യൂം മാത്രമേയുള്ളൂവെന്നും ജീത്തുവിന്റേതല്ലാത്ത ഒരു സിനിമയില്‍ താന്‍ കോസ്റ്റ്യൂം ചെയ്യുന്നത് ആദ്യമാണെന്നും ലിന്റ പറഞ്ഞു.

സെറ്റിലുള്ള ലിന്റയും ജിത്തുവും എങ്ങനെയായിരുന്നെന്ന് പറയുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി. സെറ്റില്‍ ഇവര്‍ ഭാര്യഭര്‍ത്താക്കന്മാരൊന്നും അല്ലെന്നും നല്ല ചീത്ത പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നുമായിരുന്നു തമാശരൂപേണ ആസിഫ് പറഞ്ഞത്.
ഇതോടെ, അര്‍ഫാസ് അയൂബിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് നല്ല എളുപ്പമായിരുന്നു എന്നായിരുന്നു ലിന്റ പറഞ്ഞത്.

‘സിനിമയിലേക്ക് വരാന്‍ ജീത്തുവാണ് എന്നെ നിര്‍ബന്ധിച്ചത്. മൈ ബോസില്‍ മംമ്തയുടെ കോസ്റ്റ്യൂം ചെയ്താണ് ആദ്യമായി വരുന്നത്. ഈ ജോലിയില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നു. ജീത്തുവാണ് അസിസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത്. അങ്ങനെ ആദ്യത്തെ രണ്ട് പടം അസിസ്റ്റ് ചെയ്തു. അതിന് ശേഷണാണ് മൈ ബോസ് ചെയ്തത്.

അതിന് ശേഷം ആ ജോലി ഞാന്‍ എന്‍ജോയ് ചെയ്തു. അതിന് ശേഷം മെമ്മറീസ് ഫുള്‍ ലെങ്തില്‍ ചെയ്തു. ഇപ്പോള്‍ 13 പടമായി. ജീത്തു ജോസഫിന്റെ അല്ലാതെ ആദ്യമായി വേറൊരു ഡയറക്ടര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുകയാണ്. അതില്‍ അര്‍ഫാസിനോട് ഞാന്‍ നന്ദി പറയാനുണ്ട്. അത് വേറൊരു എക്‌സ്പീരിയന്‍സായിരുന്നു, ലിന്റ പറഞ്ഞു.

ഇതോടെയായിരുന്നു ലൊക്കേഷനില്‍ ഇവര്‍ ഭാര്യയും ഭര്‍ത്താവുമൊന്നുമല്ലെന്നും ചീത്ത പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ആസിഫ് പറഞ്ഞത്.

ജീത്തു ദേഷ്യപ്പെടാറുണ്ട്. കുറച്ച് കൂടുതല്‍ എന്നോട് ദേഷ്യപ്പെട്ടാലേ ഉള്ളൂ. അതുകൊണ്ട് തന്നെ അര്‍ഫാസിനൊപ്പം വര്‍ക്ക് ചെയ്യുന്നത് എനിക്ക് എളുപ്പമായിരുന്നു,’ ലിന്റ പറഞ്ഞു.

മോഹന്‍ലാല്‍ നായകനായെത്തുന്ന ‘റാം’ ന്റെ നിര്‍മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയാണ് ലെവല്‍ ക്രോസ് നിര്‍മിക്കുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ലെവല്‍ ക്രോസ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അര്‍ഫാസ് തന്നെയാണ്. ആസിഫ്, അമലപോള്‍ , ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Content Highlight: Asif Ali about Jeethu joseph and Wife Linta jeethu Joseph

We use cookies to give you the best possible experience. Learn more