ബാഹുബലി സിനിമയിലെ കട്ടപ്പ എന്ന സത്യരാജിന്റെ കഥാപാത്രം തന്റെ മകനെ സ്വാധീനിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ബാഹുബലി റിലീസ് ആകുന്ന സമയത്ത് തന്റെ മകന് അഞ്ചു വയസായിരുന്നെന്നും പടം കണ്ടതിന് ശേഷം ഒരു ദിവസം ഫോർക്ക് വെച്ച് തന്റെ പുറകിൽ കട്ടപ്പാ എന്ന് പറഞ്ഞ് കുത്തിയിരുന്നെന്നും ആസിഫ് അലി പറഞ്ഞു.
അതിനു കാരണം തന്റെ മകനിലേക്ക് ആ കഥപാത്രം എത്തിയതുകൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.
‘ബാഹുബലി റിലീസ് ആവുന്ന സമയത്ത് എന്റെ മകന് അഞ്ചു വയസാണ്. ഒരു ദിവസം എന്റെ പുറത്ത് ഒരു മാർക്ക് ഉണ്ട്, അത് എന്താണെന്ന് നോക്കിയപ്പോൾ അവൻ ഫോർക്ക് വെച്ച് ബാക്കിൽ നിന്ന് ‘കട്ടപ്പാ’ എന്ന് പറഞ്ഞ് കുത്തിതാണ് (ചിരി). അവന് അന്ന് അഞ്ചു വയസേ ഉണ്ടായിരുന്നുള്ളു.
ആ ജെനറേഷനിലുള്ള ഒരു ആക്ടർ അഞ്ചു വയസുള്ള എന്റെ മകനിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണം ആ കഥാപാത്രമാണ്,’ ആസിഫ് അലി പറഞ്ഞു.
ഒറ്റ സിനിമയിൽ സത്യരാജ് എടുത്ത എഫേർട്ടിനെക്കുറിച്ചും ആസിഫ് അലി അഭിമുഖത്തിൽ സംസാരിച്ചു. സിനിമയിലെ ഓരോ ഡയലോഗും സത്യരാജ് തമിഴിലേക്ക് എഴുതിയാണ് പഠിക്കുകയെന്നും ഷോട്ടിന്റെ ഇടയിൽ എന്തെങ്കിലും മിസ് ആയിക്കഴിഞ്ഞാൽ അതിന്റെ ഉച്ചാരണം എന്താണെന്ന് ചോദിച്ച് മനസിലാക്കുമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
‘ഓരോ ഡയലോഗും സാർ തമിഴിലേക്ക് ആക്കി അദ്ദേഹം മലയാളവും പഠിക്കും. എന്നിട്ട് ഷോട്ടിന്റെ ഇടയിൽ സാർ അത് മിസ് ചെയ്ത് കഴിഞ്ഞാൽ അതിന്റെ ഉച്ചാരണം എന്താണെന്ന് ചോദിക്കും. സാർ ഇടുന്ന എഫേർട്ട് കാണുമ്പോൾ നമ്മളും മോട്ടിവേറ്റഡ് ആവുകയാണ്. സാർ ഇത് ഡബ്ബ് ചെയ്‌താൽ മതി എന്ന് പറഞ്ഞാൽ അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല. പക്ഷെ സാർ അതിനുള്ള എഫേർട്ട് എടുത്തു എന്ന് പറയുന്നത് വലിയ കാര്യമാണ്,’ആസിഫ് അലി പറഞ്ഞു.
റസൂൽ പൂക്കുട്ടി ആദ്യമായി സംവിധായകനാവുന്ന ഒറ്റ എന്ന ചിത്രത്തിലാണ് സത്യരാജ്, ആസിഫ് അലി എന്നിവർ ഒരുമിച്ച് അഭിനയിക്കുന്നത്. ഉടൻ റിലീസിനൊരുങ്ങുന്ന സിനിമയിൽ രോഹിണി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.