തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024. ലെവൽ ക്രോസ്, കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം ആദ്യ റിലീസായി എത്തിയ ആസിഫ് അലി ചിത്രം തലവനായിരുന്നു.
ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ആസിഫ് സിനിമയിലെത്തിയത്. മുമ്പ് കൂമൻ, കുറ്റവും ശിക്ഷയും എന്നീ ചിത്രങ്ങളിലെ ആസിഫിന്റെ പൊലീസ് വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് വീണ്ടും കാക്കിയണിയുന്ന രേഖാചിത്രം എന്ന സിനിമയാണ് ഉടനെ റിലീസാവാനുള്ളത്.
കരിയറിന്റെ തുടക്കകാലത്ത് പൊലീസ് വേഷങ്ങൾ ചെയ്യാൻ തനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും കുറ്റവും ശിക്ഷയും ചെയ്ത ശേഷമാണ് അത് മാറിയതെന്നും ആസിഫ് അലി പറയുന്നു. കുറ്റവും ശിക്ഷയും സിനിമയുടെ തിരക്കഥ എഴുതിയത് പൊലീസുക്കാരനായ സിബി തോമാസാണെന്നും യഥാർത്ഥ പൊലീസുകാരെ കുറിച്ച് അപ്പോഴാണ് അറിയുന്നതെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഒരുകാലത്ത് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തീരേ ആത്മവിശ്വാസമില്ലായിരുന്നു. കാരണം മലയാളത്തിൽ നമ്മൾ മുമ്പ് കണ്ട പൊലീസ് നായകന്മാർക്കെല്ലാം ഒരു മാസ് സ്വഭാവമുണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങളെയായിരുന്നു ഒരു കാലംവരെ പ്രേക്ഷകർ ഇഷ്ടപ്പെട്ടതും. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമയിലാണ് ആദ്യമായി ഒരു പൊലീസ് നായകകഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചത്.
അതിന്റെ തിരക്കഥ എഴുതിയ സിബി സാർ (സിബി തോമസ്) ഒരു പൊലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു കേസാണ് ആ സിനിമയായത്. പരിചയപ്പെട്ടപ്പോൾ ഒരു സാധാരണ പൊലീസുകാരന്റെ രൂപഭാവമായിരുന്നു അദ്ദേഹത്തിന്. സിബി സാറുമായുള്ള ആ സൗഹൃദമാണ് പൊലീസ് നായക കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കു തന്നത്.
അതിനുശേഷം കൂമൻ, തലവൻ എന്നീ സിനിമകൾ ചെയ്തപ്പോൾ കഥാപാത്രത്തിന് കൃത്യമായ ഐഡന്റിറ്റിയും വ്യത്യാസവും ഉണ്ടാവണം എന്ന് വിചാരിച്ചിരുന്നു.
ഇതുവരെ ചെയ്ത മൂന്ന് സിനിമകളിലെയും പൊലീസ് കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തരായ മനുഷ്യരായിരുന്നു. രേഖാചിത്രത്തിലേക്ക് വരുമ്പോഴും മുമ്പ് ചെയ്ത പൊലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.
അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തെയും പുതിയൊരു മനുഷ്യനായിക്കണ്ട് പ്രത്യേകത കൃത്യമായി ചോദിച്ചറിഞ്ഞ് അവതരിപ്പിക്കാനാണ് ഓരോ സിനിമയിലും ശ്രമിക്കുന്നത്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About His Police Roles In Films