| Tuesday, 9th November 2021, 4:01 pm

അതിന് ശേഷമാണ് നല്ല സിനിമകളുടെ ഭാഗമാകണമെന്ന തീരുമാനം ഞാനെടുക്കുന്നത്; ആസിഫ് അലി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ മികച്ച തുടക്കം ലഭിച്ച ഒരു നടനായിരുന്നു ആസിഫ് അലി. വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ യുവതലമുറയുടെ ഐക്കണായി മാറാന്‍ ആസിഫിന് സാധിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് ചെയ്ത പല ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതോടെ ആസിഫെന്ന നടന്റെ കരിയര്‍ അവസാനിക്കുകയാണെന്ന് ചിലര്‍ വിധിയെഴുതി.

എന്നാല്‍ തോറ്റുപിന്‍മാറാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ വേഷങ്ങളിലൂടെ വീണ്ടും ആസിഫ് മലയാള സിനിമയില്‍ സജീവമായി.  ഒരു സമയത്ത് താന്‍ എടുത്ത പല തീരുമാനങ്ങളും തെറ്റായിപ്പോയെന്ന് പറയുകയാണ് ആസിഫ്. പല കാരണങ്ങള്‍ കൊണ്ടും മോശം സിനിമകളുടെ ഭാഗമാകേണ്ടി വന്നെന്നും താരം പറയുന്നു.

‘ഒരു സമയത്ത് കുറേ സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. തുടര്‍ച്ചയായിട്ട് കുറച്ച് മോശം സിനിമകളുടെ ഭാഗമാകേണ്ട അവസ്ഥ വന്നു. വന്ന ചോയ്‌സ് എല്ലാം ഭയങ്കര മോശമായിരുന്നു. ഭയങ്കര എക്‌സൈറ്റ്‌മെന്റ് ഉള്ള ആക്ടറാണ് ഞാന്‍. പല സിനിമകളും കേള്‍ക്കുമ്പോള്‍ ‘ആ ഇതെനിക്ക് ചെയ്യണം’ എന്ന് പറഞ്ഞ് ചാടിക്കേറി കമ്മിറ്റ് ചെയ്ത സിനിമകളുണ്ട്.

എനിക്ക് താങ്ങാന്‍ പറ്റാത്ത കഥാപാത്രങ്ങളായിരുന്നു പലതും. അതിന് ശേഷമാണ് ഞാന്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്ന തീരുമാനമെടുക്കുന്നത്. നായക വേഷമല്ലെങ്കില്‍ കൂടി ഉയരെ പോലുള്ള സിനിമകളുടെ ഭാഗമാകാന്‍ പറ്റി. ഉസ്താദ് ഹോട്ടലില്‍ ഒരു ഗസ്റ്റ് റോളില്‍ വന്ന് ഒരു ഐഡന്റിന്റി വന്നു. വെള്ളിമൂങ്ങയില്‍ ചെയ്ത വേഷം അങ്ങനെ പല സിനിമകളിലും ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ സാധിച്ചു.

എന്തിനാണ് ഇവന്‍ ഈ കഥാപാത്രം പോയി ചെയ്തത് എന്ന് ആളുകള്‍ ചോദിക്കാത്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതൊന്നും ബോധപൂര്‍വമായ തീരുമാനമല്ല. ചില സിനിമകളുടെ കഥ പറയുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു ഇഷ്ടമുണ്ട്. ടേക്ക് ഓഫ് എന്ന സിനിമയില്‍ രണ്ട് സീനിലാണ് ഞാന്‍ ഉള്ളത്. മഹേഷേട്ടന്‍ വന്ന് ആ ഫുള്‍ സ്‌ക്രിപ്റ്റ് എന്റെ അടുത്ത് പറഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡായി. അത്ര മനോഹരമായിരുന്നു അത്. ആ ചിത്രം അദ്ദേഹം എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് പോലും എനിക്ക് അറിയാമായിരുന്നു. ആ സിനിമയുടെ ഭാഗമാകണമെന്ന് ആ സമയത്ത് തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു,’ ആസിഫ് പറയുന്നു.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ആസിഫ് അലി ഇപ്പോള്‍. കണ്ണൂരിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ആസിഫ് എത്തുന്നത്. എല്ലാം ശരിയാകും, കുഞ്ഞെല്‍ദോ, കുറ്റവും ശിക്ഷയും തുടങ്ങിയ ചിത്രങ്ങളാണ് ആസിഫിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Asif Ali About his Movie Career

We use cookies to give you the best possible experience. Learn more