കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024.
ആദ്യ റിലീസായി എത്തിയ തലവന് ശേഷം തിയേറ്ററിൽ എത്തിയ കിഷ്കിന്ധാകാണ്ഡവുമെല്ലാം മികച്ച വിജയമായിരുന്നു. 2024 മലയാള സിനിമയ്ക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നുവെന്നും വിജയട്രാക്കിൽനിന്ന് മാറിപ്പോകുന്ന ഒരുസിനിമ ഒരിക്കലും തന്റേത് ആകരുതേ എന്നൊരു പേടി എപ്പോഴുമുണ്ടായിരുന്നുവെന്നും ആസിഫ് പറയുന്നു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല വർഷമായിരുന്നു കഴിഞ്ഞ വർഷമെന്നും ആസിഫ് കൂട്ടിച്ചേർത്തു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘2024 മലയാള സിനിമയ്ക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം തുടങ്ങി വലിയ ഹിറ്റുകൾ ആദ്യ മാസങ്ങളിൽത്തന്നെയുണ്ടായി. ഈ സിനിമകൾക്കു പിന്നാലെ 2024ലെ എന്റെ ആദ്യ സിനിമയായി തലവൻ റിലീസിനെത്തിയപ്പോൾ വലിയ ടെൻഷനിലായിരുന്നു ഞാൻ. മലയാളത്തിന്റെ വിജയട്രാക്കിൽനിന്ന് മാറിപ്പോകുന്ന ഒരുസിനിമ ഒരിക്കലും എന്റേത് ആകരുതേ എന്നൊരു പേടി എപ്പോഴുമുണ്ടായിരുന്നു.
ഞാൻ ഏറെക്കാലമായി ആഗ്രഹിച്ച ഒരു തിയേറ്റർ ഹിറ്റ് തലവൻ എനിക്ക് സമ്മാനിച്ചു. ആ വിജയം എന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലായിരു ന്നു. പിന്നാലെ വന്ന ലെവൽ ക്രോസ് എന്ന സിനിമ മലയാളി കണ്ടുപരിചയിച്ച രീതിയിലുള്ള സിനിമയായിരുന്നില്ല. അതിനാൽ തിയേറ്ററിൽ ശ്രദ്ധിക്കാതെ പോകുമോ എന്ന് പേടിച്ചെങ്കിലും നല്ല അഭിപ്രായം കിട്ടി.
ഒ.ടി.ടി. റിലീസ് ചെയ്തപ്പോൾ ദേശീയ തലത്തിൽത്തന്നെ ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. ഒരു നടനെന്ന നിലയിൽ അത്തരം പരീക്ഷണങ്ങൾ പ്രേക്ഷകർ സ്വീകരിക്കുമെന്നും ഇനിയും ചെയ്യാമെന്നുമുള്ള വലിയ ധൈര്യം അതെനിക്കുതന്നു. അഡിയോസ് അമിഗോ എന്ന സിനിമ തിയേറ്ററിൽ വിജയമായില്ലെങ്കിലും ഒ.ടി.ടി.യിൽ മികച്ച അഭിപ്രായം നേടി.
അതിലെ എന്റെ അഭിനയത്തെക്കുറിച്ച് ഒരു പാടുപേർ നല്ലരീതിയിൽ സംസാരിച്ചു. ഓണത്തിന് കിഷ്ക്കിന്ധാകാണ്ഡം നൽകിയത് കരിയറിലെത്തന്നെ ഏറ്റവും വലിയ വിജയമാണ്. ആ വിജയംകൂടി ആയപ്പോൾ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല വർഷമായി 2024 മാറി,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About His Filmography In 2024