|

എന്റെ ആ കഥാപാത്രത്തിന് ഒരു അടിയുടെ കുറവുണ്ട് എന്ന് ഇടയ്ക്ക് തോന്നാറുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. വളരെ പെട്ടെന്ന് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഫാന്‍ബെയ്‌സ് സൃഷ്ടിക്കാന്‍ ആസിഫിന് സാധിച്ചു. ഇടയ്ക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട താരം കഴിഞ്ഞ വര്‍ഷം വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രേഖാചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഥാപാത്രത്തിന്റെ വലുപ്പചെറുപ്പം നോക്കാതെ നല്ല സിനിമകളുടെ ഭാഗമാകാന്‍ പലപ്പോഴും ആസിഫ് ശ്രമിക്കാറുണ്ട്. താന്‍ ചെയ്തതില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തിന് രണ്ട് അടി കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയ കഥാപാത്രം ഏതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ് അലി. ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് അത്തരത്തില്‍ ഒന്നാണെന്ന് ആസിഫ് അലി പറഞ്ഞു.

ഗോവിന്ദ് എന്ന കഥാപാത്രത്തിന് തന്റെ ഭാഗത്ത് നിന്ന് നൂറ് എക്‌സ്‌ക്യൂസുകള്‍ ഉണ്ടെന്നും താന്‍ അത്രമാത്രം ആ കഥാപാത്രത്തില്‍ കണ്‍വിന്‍സ്ഡ് ആയിരുന്നെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. പിന്നീട് ഷോട്ട് എടുക്കുന്ന സമയത്തും എഡിറ്റിങ്ങിന്റെ സമയത്തും ആ ക്യാരക്ടറിനെ കാണുമ്പോള്‍ തനിക്ക് തല്ലിക്കൊല്ലാന്‍ തോന്നാറുണ്ടെന്നും ആസിഫ് പറഞ്ഞു.

ചിത്രത്തില്‍ ഫ്‌ളൈറ്റില്‍ വെച്ച് പാര്‍വതിയുടെ കഥാപാത്രത്തോട് വെള്ളം ചോദിക്കുന്ന സീന്‍ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും ദേഷ്യം വരുമെന്നും അത്രമാത്രം വെറുപ്പ് തോന്നുന്ന കഥാപാത്രമാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.

“ഞാന്‍ ചെയ്തതില്‍ ഏതെങ്കിലും ഒരു ക്യാരക്ടറിന് ഒന്ന് പൊട്ടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയത് ഉയരെയിലെ ഗോവിന്ദിനെ കാണുമ്പോഴാണ്. അതിന്റെ കഥ എനിക്ക് കണ്‍വിന്‍സായപ്പോള്‍ ഗോവിന്ദ് എന്ന ക്യാരക്ടറിന് എന്റെ ഭാഗത്ത് നിന്ന് നൂറ് എക്‌സ്‌ക്യൂസുകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഷൂട്ട് ചെയ്യുമ്പോഴും അത് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് കണ്ടപ്പോഴും ആ ക്യാരക്ടറിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. ഫ്‌ളൈറ്റില്‍ വെച്ച് പാര്‍വതിയുടെ ക്യാരക്ടറിനോട് വെള്ളം ചോദിക്കുന്ന സീന്‍ ഇപ്പോള്‍ കാണുമ്പോഴും ദേഷ്യം വരും” ആസിഫ് അലി പറഞ്ഞു.

ആസിഫിന്റെ ഏറ്റവും പുതിയ സിനിമയായ രേഖാചിത്രം വന്‍ വിജയത്തിലേക്ക് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 20 കോടിക്കുമുകളില്‍ കളക്ഷന്‍ നേടാന്‍ രേഖാചിത്രത്തിന് സാധിച്ചു. ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സെറിന്‍ ഷിഹാബ്, സിദ്ദിഖ്, മേഘ തോമസ് തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുണ്ട്.

Content Highlight: Asif Ali about his character in Uyare movie