കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.
തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനംകൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്. പുതിയ ചിത്രം രേഖാചിത്രവും ഇപ്പോൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
കരിയറിന്റെ തുടക്കത്തിൽ ഏത് വേഷവും ചെയ്യാൻ തയ്യാറായി തന്നെയാണ് താൻ അഭിനയിക്കാൻ തുടങ്ങിയതെന്നും കൃത്യമായ ഒരു ഫോർമുലയും തനിക്ക് ഇല്ലായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
ഓർഡിനറി എന്ന സിനിമയിൽ നെഗറ്റീവ് വേഷം ചെയ്തപ്പോൾ എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്യുന്നതെന്ന് ചോദിച്ചവരുണ്ടെന്നും ഉയരെ എന്ന സിനിമ തെരഞ്ഞെടുത്തപ്പോഴും എതിരഭിപ്രായം പറഞ്ഞവരുണ്ടെന്നും ആസിഫ് പറഞ്ഞു. ഉയരെ കാണാനായി തന്റെ പാർട്ണർ സമ തിയേറ്ററിൽ എത്തിയപ്പോൾ ചിലർ അവളെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
‘ഭാഗ്യങ്ങളിൽ ഒന്നും ഞാൻ വിശ്വസിച്ചിരുന്നില്ല, മാത്രമല്ല, ശ്യാമപ്രസാദ് സാറിന്റെ സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏതു വേഷമാണെങ്കിലും ചെയ്യണമെന്നേ അന്നു ചിന്തിച്ചുള്ളൂ. കൃത്യമായ ഒരു ഫോർമുലയും ഒരിക്കലും പിന്തുടർന്നിട്ടില്ല. ഓർഡിനറിയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്‌തപ്പോൾ പലരും ചോദിച്ചു, നായകനായി നിന്നിട്ട് എന്തിനാ ആ റോൾ ചെയ്‌തത്’ എന്ന്.
ഉയരെ കമ്മിറ്റ് ചെയ്‌തപ്പോഴും പിന്തിരിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ഉയരെ റിലീസായപ്പോൾ ഞാൻ ഷൂട്ടിങ്ങിനായി വിദേശത്താണ്. ഫസ്‌റ്റ് ഷോ കാണാൻ തിയേറ്ററിൽ ചെന്ന സമയെ ഒരുപാടുപേർ നോക്കി പേടിപ്പിച്ചത്രേ. അവൻ്റെ മനസിൽ വില്ലത്തരമുണ്ട്.
സൂക്ഷിച്ചോ എന്ന് ഉപദേശിച്ചവരുമുണ്ട്. കഥ കേൾക്കുമ്പോഴും നായികയ്ക്കു പ്രാധാന്യം കൂടുന്നത് എന്നെ അലട്ടാറില്ല. ഉയരെയും കെട്ട്യോളാണെന്റെ മാലാഖയുമൊക്കെ ആസ്വദിച്ചാണ് അഭിനയിച്ചത്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About His Character In Uyare Movie