Advertisement
Entertainment
ആ ചിത്രത്തിൽ എന്നെ കാണിക്കുന്നുമില്ല, എനിക്ക് ശബ്‌ദവുമില്ല, സംവിധായകനെ ബ്ലൈൻഡായി വിശ്വസിച്ച് ചെയ്ത സിനിമ: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 15, 02:22 am
Tuesday, 15th October 2024, 7:52 am

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ റോഷാക്കിലും ആസിഫ് ഭാഗമായിരുന്നു. ചിത്രത്തില്‍ ഒരിടത്തും മുഖം കാണിക്കാത്ത ദിലീപ് എന്ന കഥാപാത്രമായാണ് ആസിഫ് പ്രത്യക്ഷപ്പെട്ടത്. താരതമ്യേന ചെറിയ വേഷം ആസിഫ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ആസിഫിന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു റോഷാക്കിലെ ദിലീപ്.

റോഷാക്കിന്റെ കഥ കേട്ട അനുഭവം പറയുകയാണ് ആസിഫ് അലി. ആദ്യമായി കഥ കേൾക്കുമ്പോൾ ചിത്രത്തിലെ ഏത് കഥാപാത്രമാണ് താൻ ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അവർക്ക് തന്നോട് പറയാൻ പറ്റുന്ന കഥാപാത്രം മമ്മൂട്ടി അവതരിപ്പിച്ച വേഷമായിരുന്നുവെന്നും ആസിഫ് പറയുന്നു.

മുഖം കാണിക്കാത്ത, ശബ്ദമില്ലാത്ത ദിലീപ് എന്ന കഥാപാത്രത്തെ എങ്ങനെ ചെയ്യുമെന്ന് കൺഫ്യൂഷൻ ഉണ്ടായിരുന്നുവെന്നും സംവിധായകൻ നിസാമിനെ വിശ്വസിച്ചാണ് താൻ ആ ചിത്രം ചെയ്തതെന്നും ആസിഫ് അലി പറഞ്ഞു.

‘റോഷാക്കിന്റെ കഥ കേൾക്കുമ്പോൾ എന്നോട് പറയാൻ പറ്റുന്ന ഒരു കഥാപാത്രം ലൂക്കിനെ കുറിച്ചാണ്. അതാണോ എന്റെ വേഷമെന്ന് ചോദിക്കുമ്പോൾ, ഏയ് അല്ല അത് മമ്മൂട്ടിക്കാണെന്ന് പറഞ്ഞു.

പിന്നെ ഞാൻ എനിക്ക് ഏത്‌ കഥാപാത്രമാണ് തരാൻ പോവുന്നതെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ദിലീപ് എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്നത്. അത് കേട്ടപ്പോൾ ഞാൻ സ്റ്റെക്കായി. കാരണം ദിലീപിനെ ഈ സിനിമയിൽ കാണിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ. അങ്ങനെ കാണിക്കുന്നില്ല.

എന്നാൽ ശബ്‌ദം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ, ശബ്‌ദവുമില്ല. പിന്നെ എന്താണ് ഉദേശിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. പക്ഷെ അവർക്ക് ആ കഥാപാത്രത്തിനൊരു ഐഡന്റിറ്റി വേണമെന്ന് പറഞ്ഞു. അങ്ങനെ നിസാമിനെയും സമീറിനെയും ബ്ലൈൻഡായി വിശ്വസിച്ചാണ് റോഷാക്ക് ചെയ്തത്,’ആസിഫ് അലി പറയുന്നു.

 

Content Highlight: Asif ali About His Character In Rorschach