ഈ വര്‍ഷത്തെ ഏറ്റവും മികച്ച പെര്‍ഫോമര്‍ എന്ന് പലരും വിശേഷിപ്പിക്കുകയാണ് ആസിഫ് അലിയെ. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കരിയറില്‍ നല്ല സ്‌ക്രിപ്റ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് തന്നിലെ നടനെ തേച്ചുമിനുക്കുകയാണ് ആസിഫ് കഴിഞ്ഞ നാല് സിനിമകളിലും. തലവന്‍, ലെവല്‍ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധ കാണ്ഡം എന്നീ സിനിമകളെല്ലാം ആസിഫിലെ നടനെ അടയാളപ്പെടുത്തുന്ന പെര്‍ഫോമന്‍സായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കിഷ്‌കിന്ധ കാണ്ഡം വേര്‍ഡ് ഓഫ് മൗത്തിലൂടെ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്.
നവാഗതനായ നഹാസ് നാസര്‍ സംവിധനം ചെയ്ത അഡിയോസ് അമിഗോയിലും ആസിഫിന്റെ പ്രകടനം മികച്ചതായിരുന്നു. സദാസമയം മദ്യപിച്ച് നടക്കുന്ന, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറുന്ന പ്രിന്‍സ് എന്ന കഥാപാത്രം ആസിഫില്‍ ഭദ്രമായിരുന്നു. ഇതുവരെ കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് ആസിഫ് അഡിയോസ് അമിഗോയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രിന്‍സ് എന്ന കഥാപാത്രത്തിനായി എടുത്ത തയാറെടുപ്പകളെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ്.
ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ വളരെ എക്‌സൈറ്റ്‌മെന്റും അതിനോടൊപ്പം ടെന്‍ഷനും ഉണ്ടായിരുന്നെന്ന് ആസിഫ് പറഞ്ഞു. മുഴുനീള മദ്യപാനിയെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ ഓരോ സ്‌റ്റേജും വളരെ ഡീറ്റെയില്‍ഡായി അവതരിപ്പിക്കേണ്ടതായി വരുമെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു.
ആ കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇത് താന്‍ തന്നെയാണോ ചെയ്തതെന്ന് തോന്നിയെന്നും ഇത്തരം ക്യാരക്ടര്‍ ഒരു ആക്ടര്‍ക്ക് കിട്ടാന്‍ പാടാണെന്ന് ജിസ് ജോയ് തന്നോട് പറഞ്ഞെന്നും ആസിഫ് പറഞ്ഞു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ആസിഫ്.
‘ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എന്റെയടുത്തേക്ക് വന്നപ്പോള്‍ ഒരേസമയം എക്‌സൈറ്റ്‌മെന്റും അതിനൊപ്പം ടെന്‍ഷനും ഉണ്ടായിരുന്നു. കാരണം, ഒരു മുഴുനീള മദ്യപാനിയുടെ ഓരോ സ്‌റ്റേജും നമ്മള്‍ ഡീറ്റെയില്‍ഡായി പ്രസന്റ് ചെയ്യണം. അയാള്‍ മദ്യപിക്കാതെ ഇരിക്കുമ്പോഴുള്ള പെരുമാറ്റം, മദ്യപിച്ച് തുടങ്ങുമ്പോഴുള്ള പെരുമാറ്റം, അടിച്ച് ടോപ്പിലെത്തുമ്പോഴുള്ള പെരുമാറ്റം ഇതെല്ലാം ഓവറാക്കാതെ ചെയ്യണം.
ഇത് ചെയ്യാന്‍ എന്റെ മുന്നില്‍ റഫറന്‍സൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പലരും അവരുടെ ജീവിതത്തില്‍ കണ്ടിട്ടുള്ള ആരെയങ്കിലും പോലെ തോന്നണമെന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു. സിനിമ റിലീസായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇത് ഞാന്‍ തന്നെ ചെയ്തതാണോ എന്ന് തോന്നിപ്പോയി. അതുപോലെ തന്നെ ഈ സിനിമ കണ്ടിട്ട് ജിസ് ജോയ് പറഞ്ഞത് ‘ഇങ്ങനത്തെ ക്യാരക്ടര്‍ ഒരു ആക്ടര്‍ക്ക് കിട്ടാന്‍ പാടാണ്’ എന്നാണ്. പലരും അതിനെ പ്രശംസിച്ചപ്പോള്‍ സന്തോഷം തോന്നി,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about his character in Adios Amigo movie