ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനായി മാറാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ് എന്ന ചിത്രങ്ങളും ഇപ്പോൾ തിയേറ്ററിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന കിഷ്കിന്ധാ കാണ്ഡവും ആസിഫിന്റെ കയ്യിൽ ഭദ്രമാണ്.
വിളിച്ചാൽ ആസിഫ് അലി ഫോൺ എടുക്കാറില്ല എന്നാണ് പൊതുവെ സിനിമ മേഖലയിലുള്ള സംസാരം. എന്നാൽ താൻ മാത്രമല്ല വിനീത് ശ്രീനിവാസനും അങ്ങനെയാണെന്ന് പറയുകയാണ് ആസിഫ് അലി. ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും വിനീതിന്റെ സംവിധാനത്തിൽ ആസിഫ് ഇതുവരെ നായകനായിട്ടില്ല. വിനീതിന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ ആസിഫ് കാമിയോ വേഷത്തിൽ അഭിനയിച്ചിരുന്നു.
വിനീതുമായി സൗഹൃദമുണ്ടെങ്കിലും അതിന് സിനിമയുമായി ബന്ധമില്ലെന്നും അധികവും ഭക്ഷണത്തെ കുറിച്ചാണ് തങ്ങൾ സംസാരിക്കാറെന്നും ആസിഫ് അലി പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘വിനീതുമായി നല്ലൊരു സുഹൃത്ത് ബന്ധമുണ്ട്. പക്ഷെ അതൊരിക്കലും സിനിമ റിലേറ്റഡ് അല്ല. അത് അധികവും ഭക്ഷണവും യാത്രകളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
ട്രാഫിക് മുതലാണ് ഞങ്ങൾ തമ്മിൽ പരിചയപെടുന്നത്. അന്നാണ് സൗഹൃദം തുടങ്ങുന്നത്. അത് സിനിമയിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. എത്തിയിട്ടുമില്ല. പല സമയത്തും വിനീത് എന്നെ വിളിക്കുന്നത്, ‘ആസി അന്ന് പറഞ്ഞില്ലായിരുന്നോ പൊള്ളാച്ചി നല്ലൊരു ബിരിയാണി കിട്ടുന്ന സ്ഥലം ഉണ്ടെന്ന്, അതെവിടെയാണ്?’ ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിച്ചുകൊണ്ടാണ്. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് വിനീത് എന്നെ വിളിക്കുന്നത്.
ഞാൻ വിനീതിന്റെ പേര് ഫോണിൽ സേവ് ചെയ്തിട്ടുള്ളത് വിനീത് ന്യൂ സ്വിച്ച് ഓഫ് എന്നാണ്. കാരണം വിനീതിന്റെ നമ്പർ ഉള്ളവർ വിളിച്ചുകഴിഞ്ഞാൽ അധികവും ഫോൺ ഓഫ് ആയിരിക്കും.
തമ്മിൽ കണ്ടാൽ ഫോൺ എടുത്തില്ല എന്നതിന് പരാതി പറയാത്ത രണ്ട് സുഹൃത്തുക്കളും ഞങ്ങൾ ആയിരിക്കും. എന്നോട് ഇങ്ങോട്ടും പറയില്ല, ഞാൻ അങ്ങോട്ടും പറയില്ല,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Friendship With Vineeth sreenivasan