| Tuesday, 3rd December 2024, 9:03 am

മലയാളിയുടെ ഐഡന്റിറ്റിയാണ് ആ നടൻ, ആദ്യത്തെ കൂടിക്കാഴ്ച ഒരിക്കലും മറക്കില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് പകരക്കാരനില്ലാത്ത  അഭിനേതാവാണ്.

നാല്പത് വർഷത്തെ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും റിലീസിനൊരുങ്ങുമ്പോൾ ആകാംക്ഷയിലാണ് സിനിമ പ്രേമികളും ലാൽ ആരാധകരും.

ആദ്യമായി മോഹൻലാലിനെ കണ്ട അനുഭവം പറയുകയാണ് നടൻ ആസിഫ് അലി. മോഹൻലാൽ മലയാളിയുടെ ഐഡന്റിറ്റിയാണെന്നും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് കാരണമാണ് ഏത് കഥാപാത്രവും നമ്മുടെ മനസിലേക്ക് കയറുന്നതെന്നും ആസിഫ് അലി പറയുന്നു. ഒരു ഡോർ തുറന്ന് സ്റ്റേജിലേക്ക് വരുന്ന മോഹന്ലാലിനെയാണ് താൻ ആദ്യമായി കാണുന്നതെന്നും വലിയ എക്സൈറ്റ്മെന്റ് തോന്നിയ നിമിഷമായിരുന്നു അതെന്നും ആസിഫ് അലി പറഞ്ഞു.

‘ഒരു മലയാളിയുടെ ഐഡന്റിറ്റിയാണ് മോഹൻലാൽ എന്ന് പറയുന്നത്. എന്നെ പോലൊരു സിനിമ ഭ്രാന്തന് ഏത് കഥാപാത്രത്തിലും മോഹൻലാലിനെ കണ്ടു കഴിയുമ്പോൾ അത് നമ്മുടെ മനസിലേക്ക് വരുന്നതിന് കാരണം അദ്ദേഹത്തിന്റെ ആ സ്ക്രീൻ പ്രസൻസും അദ്ദേഹം ചെയ്യുന്ന ആ രീതികളുമൊക്കെയാണ്.

ഒരു സമയത്ത് നമ്മളൊക്കെ നടക്കുമ്പോൾ ഒരു തോള് ചെരിച്ചു നടന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോടെയുള്ള ഇഷ്ടം കൊണ്ടാണ്. ഞാൻ ഒരുപാട് സിനിമകൾ കാണാനും സിനിമയിലേക്ക് വരാനും അഭിനയിക്കാനുമെല്ലാം പ്രചോദനം തന്നത് ഒരു പരിധി വരെ ലാലേട്ടനാണ്. അദ്ദേഹത്തെ ആദ്യമായി  കാണുന്നത് ഒരു ഡോർ തുറന്ന് വരുന്നതാണ്.

എന്റെ ജീവിതത്തിൽ ആദ്യമായി മോഹൻലാൽ എന്ന മനുഷ്യനെ ജീവനോടെ കാണുന്ന ദിവസമായിരുന്നു അത്. ഞാൻ നോക്കുമ്പോൾ അദ്ദേഹം ഒരു ഡോർ തുറന്ന് സ്റ്റേജിലേക്ക് ഇങ്ങനെ വരുകയാണ്. എല്ലാ മലയാളികൾക്കുമുള്ള പോലൊരു എക്‌സൈറ്റമെന്റ് എനിക്കുമുണ്ടായിരുന്നു. കാലിന്റെ ചെറുവിരലിൽ നിന്നൊരു പെരുപ്പ് കയറുന്ന അവസ്ഥയായിരുന്നു അപ്പോൾ,’ആസിഫ് അലി പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ എമ്പുരാന്റെ ഷൂട്ട് കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും മോഹൻലാൽ ഭാഗമാകുന്നുണ്ട്.
കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Content Highlight: Asif Ali About First Meet With Mohanlal

We use cookies to give you the best possible experience. Learn more