തന്റെ കരിയറിലെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആസിഫ് ഇന്ന് മികച്ച ഒരു നടനായി മാറി കഴിഞ്ഞു. തലവൻ, ലെവൽ ക്രോസ്, കിഷ്കിന്ധ കാണ്ഡം എന്നിങ്ങനെ ഈ വർഷമിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.
ആസിഫ് അലി വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്നാണ് പൊതുവെ സിനിമ മേഖലയിലുള്ള സംസാരം. അതിന്റെ ഭാഗമായി കരിയറിന്റെ തുടക്കത്തിൽ തന്നെ ആസിഫ് ഒരു വിവാദത്തിന്റെ ഭാഗമായിട്ടുണ്ട്.
മോഹൻലാൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നായിരുന്നു ആസിഫ് അലി അന്ന് നേരിട്ട വിമർശനം. എന്നാൽ മോഹൻലാലാണ് വിളിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ആ സംഭവത്തിന് ശേഷം തന്റെ പഴയ സൗഹൃദങ്ങളെല്ലാം തിരിച്ച് കിട്ടിയെന്നും ആസിഫ് അലി പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു നടൻ.
‘ഞാൻ ഫ്രീയാണെങ്കിൽ മാത്രമേ ഫോൺ എടുക്കുകയുള്ളൂ. എന്റെ റൂൾ അതാണ്. ഞാൻ അവൈലബിൾ ആയിരിക്കില്ല. അതിനർത്ഥം ഞാൻ തിരക്കിൽ ആയിരിക്കും എന്നല്ല. ഞാൻ മെന്റലി അവൈലബിൾ ആയിരിക്കില്ല ആ സമയത്ത്.
എന്റെ ഫോൺ അങ്ങനെയാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ വിളിക്കാൻ ഉള്ളതാണ് എന്റെ ഫോൺ. എന്നെ കുറിച്ചുള്ള ആദ്യ വിവാദം തന്നെ ഉണ്ടാവുന്നത് അങ്ങനെയാണ്. ലാൽ സാർ വിളിച്ചിട്ട് ഞാൻ ഫോൺ എടുത്തില്ല എന്ന് പറഞ്ഞാണ് ആദ്യത്തെ വിവാദം ഉണ്ടാവുന്നത്.
അതിലൂടെ എന്റെ ഒരുപാട് പഴയ സുഹൃത്തുക്കളെ എനിക്ക് തിരിച്ച് കിട്ടി. കാരണം അവരൊക്കെ വിളിച്ചിട്ടും ഞാൻ ഫോൺ എടുക്കാത്തതിന്റെ ഒരു പിണക്കം അവർക്കുണ്ടായിരുന്നു. അപ്പോഴാണ് ഈ വിവാദം വന്നത്, മോഹൻലാൽ വിളിച്ചിട്ട് ആസിഫ് അലി ഫോൺ എടുത്തില്ലായെന്ന്.
അപ്പോൾ അവരെല്ലാം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, നീ അദ്ദേഹത്തിന്റെ ഫോൺ എടുക്കുന്നില്ലല്ലേ അപ്പോൾ പിന്നെ ഞങ്ങൾ വിളിച്ചിട്ട് എടുത്തില്ലെങ്കിലും കുഴപ്പമില്ല. സത്യത്തിൽ ഞാനത് അഭിമാനത്തോടെയല്ല പറയുന്നത്. ലാൽ സാറിന്റെ ഫോൺ ഞാൻ എടുക്കാത്തതല്ല. എനിക്കറിയില്ലായിരുന്നു അത് അദ്ദേഹമായിരുന്നുവെന്ന്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Controversy With Mohanlal