| Saturday, 20th July 2024, 1:00 pm

കുഞ്ചാക്കോ ബോബനല്ലേ എന്ന ചോദ്യം കേട്ടാല്‍ എല്ലാ സമയവും ചിലപ്പോള്‍ നമുക്ക് ചിരിവരില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉസ്താദ് ഹോട്ടലില്‍ മാമുക്കോയയുടെ കഥാപാത്രം ആസിഫ് അലിയുടെ കഥാപാത്രത്തോട് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കുന്ന ഒരു രംഗമുണ്ട്. തിയേറ്ററില്‍ ചിരി പടര്‍ത്തിയ ആ രംഗത്തെ കുറിച്ചും ജീവിതത്തില്‍ അതുപോലത്തെ അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ ആസിഫ് അലി.

അത്തരത്തിലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പലപ്പോഴും അതിന്റെ റിയാക്ഷന്‍ പലതായിരിക്കുമെന്നുമാണ് ആസിഫ് പറയുന്നത്.

‘ സിനിമയിലെ ഒരുപാട് പേര്‍ക്ക് ഇത്തരത്തില്‍ സംഭവിച്ചു കണ്ടിട്ടുണ്ട്. ഞങ്ങള്‍ അത് തമാശയായി പല സമയത്തും പറഞ്ഞു ചിരിച്ചിട്ടുമുണ്ട്. ഞാന്‍ വന്ന സമയത്ത് പല ഡയറക്ടേഴ്‌സിനെ പറ്റിയിട്ടും പേര് മാറി വിളിച്ചപ്പോള്‍ ദേഷ്യപ്പെട്ട കഥ കേട്ടിട്ടുണ്ട്.

ഉസ്താദ് ഹോട്ടലില്‍ ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് മാമുക്കോയ ചേട്ടനാണ് ഇങ്ങനെ ഒരു കോമഡിയുടെ സാധ്യത പറയുന്നതും അന്‍വര്‍ റഷീദിന് അത് സ്‌ട്രൈക്ക് ആയതും.

അതിന് ശേഷം പക്ഷേ ഇത് റിയലി എനിക്ക് ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആളുകള്‍ മനപൂര്‍വം എന്റെ അടുത്ത് വന്ന് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിച്ച നിരവധി അവസരങ്ങളുണ്ട്.

ഒരുപക്ഷേ നമ്മുടെ അടുത്തു നിന്ന് ഒരു ചിരി കിട്ടാനായിരിക്കം. അല്ലെങ്കില്‍ ഇറിറ്റേറ്റ് ചെയ്യാനായിരിക്കാം. എന്തായാലും ഞാനത് ആസ്വദിച്ചിട്ടുണ്ട്. പിന്നെ മൂഡ് എന്ന് പറയുന്നത് പ്രധാനപ്പെട്ടതാണ്.

റിയാക്ഷന്റെ കാര്യത്തില്‍ നമ്മള്‍ ഇരിക്കുന്ന മൊമന്റ് പ്രധാനപ്പെട്ടതാണെന്ന് തോന്നിയിട്ടുണ്ട്. നല്ല മൂഡില്‍, സന്തോഷത്തില്‍ നില്‍ക്കുന്ന സമയത്താണ് ചോദിക്കുന്നതെങ്കില്‍ ഒരു ചിരിയില്‍ ഒരു കൗണ്ടര്‍ കോമഡിയില്‍ അത് ഒതുങ്ങും. പക്ഷേ നമ്മള്‍ വേറൊരു മൂഡില്‍ ആണെങ്കില്‍ ഇതിന്റെ റിയാക്ഷന്‍ വേറെയായിരിക്കും. അതായിരിക്കും ഹൈലൈറ്റ് ചെയ്യപ്പെടുകയും ആളുകള്‍ കാണുകയും ചെയ്യുന്നത്,’ ആസിഫ് പറഞ്ഞു.

സിനിമയിലേക്ക് വന്നപ്പോള്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിങ്ങനെയുള്ള യുവനിര തിളങ്ങി നില്‍ക്കുന്ന സമയമാണ്. അവര്‍ക്കൊപ്പമുള്ള പരിഗണന റോളുകളുടെ കാര്യത്തില്‍ താങ്കള്‍ക്ക് കിട്ടിയില്ല എന്നതും വാസ്തവമാണ്. അതിന്റെ പേരില്‍ താങ്കളെ ടീസ് ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു ആസിഫിന്റെ മറുപടി.

‘ എന്നെ സംബന്ധിച്ച് അതൊക്കെ ലോട്ടറിയായിരുന്നു. എല്ലാ അഭിമുഖത്തിലും ഞാന്‍ പറയാറുണ്ട്. എനിക്കൊരു പ്ലാന്‍ ബി ഇല്ലായിരുന്നു. സിനിമയില്‍ വരണമെന്ന പ്ലാന്‍ എ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ വന്ന് കഴിഞ്ഞപ്പോഴാണ് എനിക്ക് പേടിയായത്. എന്ത് ധൈര്യത്തിലാണ് ഞാന്‍ ആ തീരുമാനം എടുത്തത് എന്ന് ആലോചിച്ചിട്ട്.

ഞാന്‍ സിനിമയില്‍ വന്നു. ഈയൊരു ബാച്ച് കഴിഞ്ഞിട്ട് വരുന്നൊരു ആള്‍ ഞാന്‍ മാത്രമായിരുന്നു. ഇവരെല്ലാവരും കേട്ട് അവര്‍ക്ക് വര്‍ക്കാവാത്ത ക്യാര്കടേഴ്‌സും സ്‌ക്രിപ്റ്റുകളുമാണ് എന്നിലേക്ക് വന്നത്. ഞാന്‍ ആദ്യകാലങ്ങളില്‍ ചെയ്ത പലതും ഇവരെയൊക്കെ മനസില്‍ കണ്ട് എഴുതിയ കഥാപാത്രങ്ങളുമായിരുന്നു,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali About Comparison with Kunchacko Boban

Latest Stories

We use cookies to give you the best possible experience. Learn more