കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.
മലയാള സിനിമ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്. ബോബി – സഞ്ജയ് തിരക്കഥ ഒരുക്കിയ സിനിമയിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമയുടെ അവസാനം, സ്പീഡ് പേടിയുണ്ടോ എന്ന ചോദ്യത്തിന് ആസിഫ് അലി ചിരിയിലൂടെ നൽകുന്ന മറുപടി വലിയ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ആ ചിരി എങ്ങനെ ചെയ്യണമെന്ന് തനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നുവെന്നും അതിനെകുറിച്ച് തിരക്കഥാകൃത്തുക്കളോട് ചോദിച്ചിരുന്നുവെന്നും ആസിഫ് അലി പറയുന്നു. ഒരുപാട് അർത്ഥങ്ങളുള്ള ഒരു ചിരി വേണമെന്നാണ് അവർ പറഞ്ഞതെന്നും ആസിഫ് കൂട്ടിച്ചേർത്തു.
‘ചിരി എന്നെ ആദ്യമായി പ്രശ്നത്തിലാക്കിയത് ട്രാഫിക് സിനിമ എടുക്കുന്ന സമയത്താണ് അതിൽ ടെയ്ൽ ഏൻഡ് സീക്വൻസ് എടുക്കുന്ന സമയത്ത് നിവിൻ വന്ന് എന്നെ പിക്ക് ചെയ്യുന്നില്ലേ, ആ സീനിൽ നിവിൻ എന്നോട് സ്പീഡ് പേടിയുണ്ടോ എന്ന് ചോദിക്കുമ്പോൾ ആസിഫ് ചിരിക്കുന്ന ഒരു ചിരിയുണ്ട്.
അത് ബോബി – സഞ്ജയ് സ്ക്രിപ്റ്റിൽ എഴുതിയിട്ടുള്ളത്, രാജീവ് കാറിന് കൈ കാണിക്കും, കാറിൽ കയറുമ്പോൾ സ്പീഡ് പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥമുള്ള ഒരു ചിരി മറുപടിയായി നൽകണം എന്നായിരുന്നു. ഇത് വായിച്ചുകഴിഞ്ഞപ്പോൾ ബോബി ചേട്ടനോടും സഞ്ജയ് ചേട്ടനോടും ഇതൊന്ന് കാണിക്കുമോ എന്നാണ് ഞാൻ ചോദിച്ചത്.
കാരണം ഒരുപാട് അർത്ഥങ്ങളുള്ള ചിരിയെന്ന് പറയുമ്പോൾ നമുക്ക് പപ്പുച്ചേട്ടന്റെ ചിരിയാണ് ഓർമ വരുക (ചിരിക്കുന്നു). എനിക്ക് തോന്നുന്നത് ചില സമയത്ത് നമ്മൾ കഥാപാത്രത്തിന്റെ കൂടെ നിൽക്കുമ്പോൾ ആളുകൾക്ക് അത് മനസിലാക്കാൻ സാധിക്കുന്നതാവാം,’ആസിഫ് അലി പറയുന്നു.
Content Highlight: Asif ali About Climax Of Traffic Movie