ആ സിനിമയോട് മലയാളികള്‍ക്ക് മാത്രമേ പുച്ഛമുള്ളൂ: ആസിഫ് അലി
Entertainment
ആ സിനിമയോട് മലയാളികള്‍ക്ക് മാത്രമേ പുച്ഛമുള്ളൂ: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th September 2024, 11:28 am

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു.

ഈ വര്‍ഷം ആസിഫിന്റേതായി പുറത്തിറങ്ങിയ നാല് സിനിമകളിലും ആസിഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം എന്നീ സിനിമകളില്‍ ആസിഫിന്റെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. മലയാളികളുടെ സിനിമാസ്വാദനത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

ലോകത്തെ സകലഭാഷയിലുള്ള സിനിമകളും കാണുന്ന പ്രേക്ഷകരെക്കൂടി മാനിച്ചാണ് മലയാളത്തില്‍ ഓരോ സിനിമയും എഴുതുന്നതെന്ന് ആസിഫ് അലി പറഞ്ഞു. പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ ഓഡിയന്‍സിനെ കണ്‍സിഡര്‍ ചെയ്യുന്ന മേക്കേഴ്‌സ് മലയാളത്തില്‍ മാത്രമേ കാണുള്ളൂവെന്നും അതുകൊണ്ടാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ മികച്ച സിനിമകള്‍ ഉണ്ടാകുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ഈയടുത്ത് റിലീസായ ഒരു അന്യഭാഷാചിത്രം ബാക്കി എല്ലായിടത്തുനിന്നും മികച്ച അഭിപ്രായം കിട്ടിയപ്പോള്‍ മലയാളത്തില്‍ നിന്ന് മാത്രം മോശം അഭിപ്രായം കിട്ടിയെന്നും ആസിഫ് പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കിയ ആ സിനിമ ഇവിടത്തെ ഓഡിയന്‍സിന് തീരെ വര്‍ക്കായില്ലെന്നും മലയാളികള്‍ ആ സിനിമയെ പുച്ഛിച്ച് കളഞ്ഞെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവന്‍ സൂപ്പര്‍ഹിറ്റാണെന്ന് പറഞ്ഞാലും നമുക്ക് വര്‍ക്കായില്ലെങ്കില്‍ അത് കാണില്ലെന്നും ആസിഫ് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ലോകത്ത് എല്ലായിടത്തുമുള്ള ആളുകള്‍ കണ്ട് സൂപ്പറാണെന്ന് പറഞ്ഞ സിനിമയായാലും നമുക്ക് വര്‍ക്കായില്ലെങ്കില്‍ ആ സിനിമ സ്വീകരിക്കില്ല. ഏത്ര വലിയ സിനിമയായാലും അത് മാറില്ല. ഈയടുത്ത് റിലീസായ ഒരു അന്യഭാഷാ ചിത്രം ബാക്കി എല്ലായിടത്തും മികച്ച അഭിപ്രായം കിട്ടിയപ്പോഴും ഇങ്ങ് കേരളത്തില്‍ മാത്രം ആ സിനിമ സ്വീകരിക്കപ്പെട്ടില്ല. കാരണം, നമുക്ക് മനസിലായി, ആ സിനിമ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്ന്.

സിനിമയെപ്പറ്റി പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഓഡിയന്‍സിനെക്കൂടി പഠിച്ചിട്ടാണ് എഴുതിത്തുടങ്ങുന്നത്. വേറെ ഒരു ഇന്‍ഡസ്ട്രിയിലും ഇങ്ങനെ ഒരു കാര്യം കാണാന്‍ സാധിക്കില്ല. അവിടെയുള്ളവരൊക്കെ സിനിമ ഉണ്ടാക്കിയിട്ട് നിങ്ങള്‍ ഇത് കണ്ടേ പറ്റുള്ളൂ എന്ന ലൈനാണ്. ഓഡിയന്‍സിനെക്കൂടി പരിഗണിച്ച് സിനിമ ചെയ്യുന്നതുകൊണ്ടാണ് മലയാളത്തില്‍ മാത്രം മികച്ച സിനിമകളുണ്ടാകുന്നത്. എല്ലാ ഇന്‍ഡസ്ട്രിയും മലയാളത്തിനെക്കുറിച്ച് സംസാരിക്കുന്നതും അതുകൊണ്ടാണ്,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali about cinema taste of Malayalis