ആ പ്രായത്തില്‍ എന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങാത്ത കഥാപാത്രമായിരുന്നു അത്: ആസിഫ് അലി
Entertainment
ആ പ്രായത്തില്‍ എന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങാത്ത കഥാപാത്രമായിരുന്നു അത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th June 2024, 3:05 pm

സിനിമാകരിയറില്‍ 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ആസിഫ് അലി. ശ്യമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. സിനിമയില്‍ വന്ന സമയത്ത് ചില സിനിമകള്‍ പ്രതീക്ഷക്കൊത്ത് വന്നിരുന്നില്ല. അത്തരത്തലൊരു സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആസിഫ് അലി. എ.കെ സാജന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ അസുരവിത്ത് എന്ന സിനിമയെക്കുറിച്ചാണ് ആസിഫ് സംസാരിച്ചത്.

ആ പ്രായത്തില്‍ തനിക്ക് ചെയ്തു ഫലിപ്പിക്കാന്‍ പറ്റാത്ത കഥാപാത്രമായിരുന്നു അതെന്നും ആ സിനിമയുടെ സംവിധായകന്‍ സാജന് അത് മനസിലാകുമെന്നും ആസിഫ് പറഞ്ഞു. പൃഥ്വി ചെയ്യേണ്ടിയിരുന്ന സ്‌ക്രിപ്റ്റായിരുന്നു അതെന്നും എന്നാല്‍ അത് നടക്കാതെ പോയതുകൊണ്ടാണ് സാജന്‍ തന്നെ സമീപിച്ചതെന്നും ആസിഫ് പറഞ്ഞു.

കുറ്റവും ശിക്ഷയും സിനിമയുടെ ഷൂട്ടിന് രാജസ്ഥാനില്‍ പോയപ്പോള്‍ അവിടുത്തെ ഒരു ടാക്‌സി ഡ്രൈവര്‍ അസുരവിത്തിന്റെ ഹിന്ദി ഡബ്ബ് കണ്ടിട്ട് തന്നെ തിരിച്ചറിഞ്ഞെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘ആ പ്രായത്തില്‍ എന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങാത്ത കഥാപാത്രമായിരുന്നു അസുരവിത്തിലേത്. അതിന്റെ സംവിധായകന്‍ എ.കെ. സാജന്‍ ആയതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. കരിയറിന്റെ തുടക്കത്തില്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതിലുമായിരുന്നു ആ ക്യാരക്ടര്‍. ഇത് ഇപ്പോള്‍ പറയുമ്പോള്‍ സാജന്‍ ചേട്ടന് അത് മനസിലാകുമെന്നാണ് ഞാന്‍ കരുതുന്നത്.

അത് മാത്രമല്ല, ആ സ്‌ക്രിപ്റ്റ് ശരിക്കും ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജായിരുന്നു. ഒരുപാട് മുന്നേ ആ സ്‌ക്രിപ്റ്റ് എഴുതി രാജു ചേട്ടനെ വെച്ച് ചെയ്യാന്‍ വിചാരിച്ച സിനിമയായിരുന്നു അത്. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ വന്നപ്പോള്‍ ആ സ്‌ക്രിപ്റ്റ് എന്റെയടുത്തേക്ക് വരുകയായിരുന്നു.

ആ സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള വേറൊരു ഓര്‍മ എന്താണെന്ന് വെച്ചാല്‍, കുറ്റവും ശിക്ഷയും സിനിമയുടെ ഷൂട്ട് രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ നടക്കുകയായിരുന്നു. അതിന് വേണ്ടി ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരു ടാക്‌സിയില്‍ പോയി. ആ ഡ്രൈവര്‍ ഇടയ്ക്കിടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു. എന്താ കാര്യമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ‘ഞാന്‍ അഭിനയിച്ച ഹിന്ദി സിനിമ കണ്ടിട്ടുണ്ട്’ എന്ന് അയാള്‍ പറഞ്ഞു.

ഏത് ഹിന്ദി സിനിമയാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അസുരവിത്തിന്റെ കഥയാണ് അയാള്‍ പറഞ്ഞത്. അതിന്റെ ഹിന്ദി ഡബ്ബ് ഒരു ചാനലില്‍ വന്നപ്പോള്‍ അയാള്‍ എന്ന അതില്‍ കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെയാണ് എന്നെ തിരിച്ചറിഞ്ഞത്, ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali  about Asurvaithu movie