ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.
കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി പരാജയ ചിത്രങ്ങളിൽ ആസിഫ് അലിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മറ്റ് നടന്മാര്‍ ചെയ്യേണ്ട സിനിമകളായിരുന്നു അതില്‍ പലതെന്നും അതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും ആസിഫ് പറയുന്നു.
എ.കെ സാജന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ അസുരവിത്ത് എന്ന സിനിമ അത്തരത്തിലൊന്നാണെന്നും ആസിഫ് പറഞ്ഞു. ആ സിനിമ ആദ്യം പൃഥ്വിരാജ് ചെയ്യേണ്ടതായിരുന്നെന്നും പൃഥ്വിയുടെ ഡേറ്റ് കിട്ടാത്തുകൊണ്ടാണ് ആ കഥ തന്റെയടുത്തേക്ക് വന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
‘കരിയറിന്റെ തുടക്കകാലത്ത് ഞാന്‍ ചെയ്ത കുറച്ച് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ചിലത് എന്റെ സെലക്ഷന്‍ തന്നെയായിരുന്നു. പക്ഷേ മറ്റ് നടന്മാര്‍ വേണ്ടെന്ന് വെച്ച ചില സ്‌ക്രിപ്റ്റുകള്‍ തന്റെയടുത്തേക്ക് വന്നിരുന്നു. അത്തരത്തിലൊന്നായിരുന്നു അസുരവിത്ത്. ആ സിനിമ ആദ്യം ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജായിരുന്നു.
പക്ഷേ പൃഥ്വിയുടെ ഡേറ്റ് വിചാരിച്ച സമയത്ത് കിട്ടാത്തതുകൊണ്ട് പൃഥ്വിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെയാണ് ആ സിനിമ എന്റെയടുത്തേക്ക് വന്നത്. ആ സമയത്തെ എന്റെ പ്രായത്തിന് എടുത്താല്‍ പൊങ്ങാത്ത റോളായിരുന്നു ആ സിനിമയില്‍. അതൊക്കെ കൊണ്ടാണ് അസുരവിത്ത് പരാജയപ്പെട്ടത്,’ ആസിഫ് പറഞ്ഞു.
അതേസമയം ഈ വർഷത്തെ മികച്ച സിനിമകളിലൊന്നായ കിഷ്കിന്ധാ കാണ്ഡം ഒ.ടി.ടി റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഹോട്ട്‌സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ മലയാളി പ്രേക്ഷകരും നിരവധി അന്യഭാഷാ പ്രേക്ഷകരുമാണ് സിനിമയെ പ്രശംസിക്കുന്നത്. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം.
Content Highlight: Asif Ali About Asuravith Movie And Prithviraj