ലിറിക്‌സും പാട്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല, ഡാന്‍സും ലിപ്‌സിങ്കും സെറ്റാക്കാന്‍ ഞാന്‍ പാടുപെട്ടു: ആസിഫ് അലി
Entertainment
ലിറിക്‌സും പാട്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല, ഡാന്‍സും ലിപ്‌സിങ്കും സെറ്റാക്കാന്‍ ഞാന്‍ പാടുപെട്ടു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th October 2024, 4:35 pm

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

സിബി മലയില്‍ സംവിധാനം ചെയ്ത് ആസിഫ് അലി, നിഷാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അപൂര്‍വരാഗം. ചിത്രത്തിലെ പാട്ട് ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി. ആ പാട്ടിന്റെ തുടക്കത്തില പോര്‍ഷന്‍ പാടിയഭിനയിച്ചത് താനായിരുന്നുവെന്ന് ആസിഫ് പറഞ്ഞു. ‘റോക്ക് റോക്ക് റോക്കറ്റേ’ എന്ന പോര്‍ഷനാണ് താന്‍ പാടേണ്ടിയിരുന്നതെന്നും അപ്പോഴാണ് താന്‍ ആ ലിറിക്‌സ് വായിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

പാട്ടുമായി യാതൊരു ബന്ധവുമില്ലാത്ത ലിറിക്‌സായിരുന്നുവെന്നും അത് പാടിക്കൊണ്ട് ഡാന്‍സ് ചെയ്യാന്‍ പാടുപെട്ടെന്നും ആസിഫ് പറഞ്ഞു. രാവിലെ ഏഴരക്ക് തുടങ്ങിയ ഷൂട്ട് പതിനൊന്ന് മണിയായിട്ടും ശരിയായില്ലെന്നും ഡാന്‍സും ലിപ്‌സിങ്കും എത്ര നോക്കിയിട്ടും ശരിയായില്ലെന്നും ആസിഫ് പറഞ്ഞു. ഡാന്‍സ് മാസ്റ്ററും സിബി മലയിലും തന്നെ ഓക്കെയാക്കാന്‍ ശ്രമിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ആസിഫ്.

‘അപൂര്‍വരാഗം എന്ന സിനിമയിലെ നൂലില്ലാ പട്ടങ്ങള്‍ എന്ന പാട്ടിന്റെ ഷൂട്ട് ഒരിക്കലും മറക്കില്ല. ആ പാട്ടിന്റെ തുടക്കത്തിലെ പോര്‍ഷന്‍ പാടി ഡാന്‍സ് ചെയ്തത് ഞാനാണ്. ‘റോക്ക് റോക്ക് റോക്കറ്റേ’ എന്ന് തുടങ്ങുന്ന പോര്‍ഷന്‍ ഞാന്‍ പാടി ഡാന്‍സ് ചെയ്യണം. ഷൂട്ടിന് തൊട്ടുമുമ്പാണ് ആ ലിറിക്‌സ് ഞാന്‍ വായിക്കുന്നത്. ആ പാട്ടുമായി ലിറിക്‌സിന് യാതൊരു ബന്ധവുമില്ല. ഇത് പാടുകയും വേണം അതിന്റെ കൂടെ ഡാന്‍സ് ചെയ്യുകയും വേണം. എങ്ങനെ നോക്കിയിട്ടും അത് ശരിയാകുന്നില്ല.

രാവിലെ ഏഴരക്ക് തുടങ്ങിയ ഷൂട്ട് പതിനൊന്നരയായിട്ടും തീരുന്നില്ല. ക്യാമറാമാന് വരെ മടുത്തു. ലിപ്‌സിങ്ക് ശരിയാകുമ്പോള്‍ സ്‌റ്റെപ്പ് തെറ്റും. സ്റ്റെപ്പ് ശരിയാകുമ്പോള്‍ ലിപ്‌സിങ്ക് തെറ്റും. കുറച്ച് കഴിഞ്ഞപ്പോള്‍ ഡാന്‍സ് മാസ്റ്റര്‍ എന്റെയടുത്ത് വന്നിട്ട് ‘വണ്‍ ടു ത്രീ ആണോ നിനക്ക് ബുദ്ധിമുട്ട്? ഞാന്‍ വേണമെങ്കില്‍ ഫൈവ് സിക്‌സ് സെവന്‍ എന്ന് പറയാം’ എന്ന് മാസ്റ്റര്‍ എന്നോട് പറഞ്ഞു. നിങ്ങളിനി എ ബി സി ഡി പറഞ്ഞാല്‍ പോലും എന്നെക്കൊണ്ട് ഇത് പറ്റില്ല എന്ന് ഞാന്‍ മാസ്റ്ററോട് പറഞ്ഞു. ഒടുക്കം എങ്ങനെയോ ശരിയായി,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about Apoorvaragam movie and his dance