അജു വര്‍ഗീസ് ഇപ്പോഴും സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത് ആ ഒരു കാര്യം കൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: ആസിഫ് അലി
Entertainment
അജു വര്‍ഗീസ് ഇപ്പോഴും സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത് ആ ഒരു കാര്യം കൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2024, 6:46 pm

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ അജു വര്‍ഗീസ് തനിക്ക് പറഞ്ഞു തന്ന ടിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. എപ്പോഴും ക്ലീന്‍ ഷേവ് ചെയ്ത് നടക്കാനാണ് അജു തന്നെ ഉപദേശിച്ചിട്ടുള്ളതെന്ന് ആസിഫ് പറഞ്ഞു. ഓരോ സിനിമയിലെയും കഥാപാത്രത്തിന് വേണ്ടി വെപ്പുമീശ വെക്കുന്നതാണ് നല്ലതെന്ന് അജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.

അങ്ങനെ ചെയ്യുമ്പോള്‍ മുഖം വലിഞ്ഞിരിക്കുമെന്നും നമ്മള്‍ ഇടുന്ന എക്‌സ്പ്രഷന്‍ ആളുകള്‍ക്ക് മനസിലാകില്ലെന്നാണ് അജു തന്നോട് പറഞ്ഞതെന്നും താന്‍ അത് കേട്ട് ചിരിച്ചെന്നും ആസിഫ് പറഞ്ഞു. എന്നാല്‍ അജു ചെയ്തുവെച്ച സിനിമകള്‍ നോക്കുമ്പോള്‍ അവന്‍ പറഞ്ഞ കാര്യം ശരിയാണെന്ന് തോന്നിയിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.

ഇത്രയും കാലം സിനിമയില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ കാരണം അതാണോ എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘കരിയറിന്റെ തുടക്കത്തില്‍ അജു എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. എപ്പോഴും ക്ലീന്‍ ഷേവ് ചെയ്ത് നടക്കുന്നതാണ് നല്ലതെന്നാണ് അവന്‍ പറഞ്ഞത്. ഓരോ സിനിമക്ക് അനുസരിച്ച് വെപ്പുമീശ വെച്ചാല്‍ പോരെയെന്ന് അവന്‍ പറഞ്ഞിരുന്നു. അങ്ങനെ ചെയ്താല്‍ നമ്മുടെ മുഖം വലിഞ്ഞിരിക്കുമെന്നും വെറൈറ്റിയായിട്ടുള്ള എക്‌സ്പ്രഷന്‍ ഇടാന്‍ പറ്റുമെന്നും അവന്‍ പറഞ്ഞു.

ഞാന്‍ ആദ്യം അത് കേട്ട് ചിരിച്ചെങ്കിലും പിന്നീട് അവന്‍ ചെയ്ത സിനിമകളൊക്കെ ശ്രദ്ധിച്ചു. അവന്‍ ഇത്രയും കാലം സിനിമയില്‍ പിടിച്ചു നിന്നത് ഈയൊരു കാര്യം കൊണ്ടാണോ എന്ന് എനിക്ക് സംശയമുണ്ട്. പല സിനിമകളിലും അവന്‍ ക്ലീന്‍ ഷേവായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. ഒരു ആര്‍ട്ടിസ്റ്റ് ഇത്തരം കാര്യമൊക്കെ ശ്രദ്ധിക്കണമെന്ന് എനിക്ക് അപ്പോള്‍ മനസിലായി,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about an advice given by Aju Varghese