| Monday, 9th September 2024, 1:14 pm

ബാച്ചിലര്‍ പാര്‍ട്ടിയിലെ എന്റെ ആ സീന്‍ ഷൂട്ട് ചെയ്ത ശേഷം അമല്‍ നീരദ് ഇരുന്ന് ചിരിക്കുകയായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ ആസിഫിന് വലിയ ഫാന്‍ബേസ് ഉണ്ടാക്കിക്കൊടുത്ത ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. റഹ്‌മാന്‍, കലാഭവന്‍ മണി, ഇന്ദ്രജിത്, വിനായകന്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തില്‍ ആസിഫിന്റെ ലുക്ക് ട്രെന്‍ഡായിരുന്നു. ടോണി എന്ന കഥാപാത്രം ആസിഫിന് കൊടുത്ത മൈലേജ് ചെറുതല്ല. ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ്.

തങ്ങളുടെ ഗ്യാങ്ങിലെ എല്ലാവരും ഒരു ഗോഡൗണില്‍ വെച്ച് പരസ്പരം തോക്ക് ചൂണ്ടുന്ന സീനില്‍ റഹ്‌മാന്‍ തോക്കെടുക്കുന്നതിന് മുമ്പ് ഒരു ഡയലോഗ് പറയുമെന്നും അത് തനിക്ക് ഇഷ്ടപ്പെട്ട സീനാണെന്നും ആസിഫ് പറഞ്ഞു. അതുപോലെ ആ സിനിമക്ക് മുമ്പ് സ്ലോമോഷന്റെ പേരില്‍ അമല്‍ നീരദ് ഒരുപാട് വിമര്‍ശനം കേട്ടെന്നും ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ സ്ലോ മോഷനില്‍ ഉണ്ടാകില്ലെന്ന് അമല്‍ തന്നോട് പറഞ്ഞെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ നിത്യ മേനോനെ കാണാന്‍ പോകുന്ന സീന്‍ എടുത്ത ശേഷം അമല്‍ ഇരുന്ന് ചിരിക്കുകയായിരുന്നെന്ന് ആസിഫ് പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ആ സീന്‍ താന്‍ സ്ലോ മോഷനില്‍ എടുത്തെന്നും അങ്ങനെ എടുത്താലേ ആ ഒരു ഇംപാക്ട് കിട്ടുകയുള്ളൂ എന്ന് അമല്‍ പറഞ്ഞെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ആസിഫ്.

‘ബാച്ച്‌ലര്‍ പാര്‍ട്ടി വേറെ ലീഗിലുള്ള സിനിമയാണ്. ആ സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന സീന്‍, ഞങ്ങളെല്ലാവരും കൂടി ഒരു വെയര്‍ഹൗസില്‍ ഒരുമിച്ചുള്ള സീനാണ്. എല്ലാവരും പരസ്പരം തോക്ക് ചൂണ്ടുന്നുണ്ട്. റഹ്‌മാന്‍ ചേട്ടന്‍ മാത്രം വെറുതേ നില്‍ക്കുമ്പോള്‍ വിനായകന്‍ ‘വെക്കുന്നില്ലേ’ എന്ന് ചോദിക്കും. ‘എന്നാല്‍ പിന്നെ ഞാനും വെച്ചേക്കാം’ എന്ന് പറഞ്ഞ് പുള്ളിയും തോക്കെടുക്കുന്ന സീന്‍ അടിപൊളിയാണ്. ആ സിനിമക്ക് മുമ്പ് സ്ലോ മോഷന്റെ പേരില്‍ അമല്‍ നീരദ് ഒരുപാട് വിമര്‍ശനം കേട്ടിരുന്നു.

‘ഈ സിനിമയില്‍ ഒരു സീന്‍ പോലും സ്ലോ മോഷനുണ്ടാകില്ല’ എന്നാണ് അമല്‍ ഷൂട്ടിന് മുമ്പ് പറഞ്ഞത്. പക്ഷേ, ആ പടത്തില്‍ ഞാന്‍ നിത്യ മേനോനെ കാണാന്‍ പോകുന്ന സീന്‍ ഷൂട്ട് ചെയ്യുകയാണ്. ഞാന്‍ നോക്കുമ്പോള്‍ അമലേട്ടന്‍ ഇരുന്ന് ചിരിക്കുകയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘ഈ സീന്‍ നമുക്ക് സ്ലോ മോഷനില്‍ പിടിക്കാം, അല്ലെങ്കില്‍ ശരിയാവില്ല’ എന്നാണ് അമലേട്ടന്‍ പറഞ്ഞത്. പുള്ളിക്ക് അതില്ലാതെ പറ്റില്ല,’ അമല്‍ നീരദ് പറഞ്ഞു.

Content Highlight: Asif Ali about Amal Neerad and Bachelor Party movie

Latest Stories

We use cookies to give you the best possible experience. Learn more