സംവിധായകന്‍ ജിസ് ജോയ് എന്നതിനേക്കാള്‍ അല്ലു അര്‍ജുന്റെ ശബ്ദത്തിലൂടെ വലിയൊരു വിഭാഗം ആരാധകരുടെ മനസില്‍ ഇടംനേടാന്‍ സാധിച്ച വ്യക്തിയാണ് ജിസ് ജോയ്. മലയാളികളെ സംബന്ധിച്ച് ജിസ് ജോയുടെ ശബ്ദം എന്ന് പറഞ്ഞാല്‍ അത് അല്ലു അര്‍ജുനാണ്.
അല്ലുവിന്റെ മലയാളം റിമേക്കുകളെല്ലാം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടതില്‍ ജിസ് ജോയുടെ ശബ്ദത്തിനും വലിയ പങ്കുണ്ട്. എന്നാല്‍ ഈ ശബ്ദംകാരണം വെട്ടിലായ ഒരു നടനാണ് താനെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. ജിസ് ജോയ്‌ക്കൊപ്പമുള്ള ആദ്യ സിനിമയുടെ ഷൂട്ടിനിടെയും തലവന്‍ റിലീസായി ആദ്യം ദിവസം തിയേറ്ററിലുണ്ടായ ഒരു രസകരമായ സംഭവത്തെ കുറിച്ചുമൊക്കെയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറയുന്നത്.
‘ ഞങ്ങള്‍ തലവന്റെ പ്രീമിയര്‍ ഷോ ചെയ്യുകയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ്. നമ്മുടെ സൈഡില്‍ നിന്ന് പിന്‍ ഡ്രോപ്പ് സൈലന്‍സ് ആണ്. എല്ലാവര്‍ക്കും ടെന്‍ഷനുണ്ട്. സിനിമ തുടങ്ങി, വാണിങ് കാര്‍ഡ് കാണിക്കുകയാണ്. ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് പറഞ്ഞിരിക്കുന്നത് സംവിധായകനാണ്.
ബിജു ചേട്ടനും ഞാനും ഇത് ഡബ്ബിന്റെ സമയത്ത് പറയാന്‍ മറന്നുപോയി. ജിസ് അത് പറഞ്ഞു. പിന്‍ ഡ്രോപ് സൈലന്‍സാണ്. ഒരാള്‍ ബാക്കില്‍ നിന്ന് ഈ പടത്തില്‍ അല്ലു അര്‍ജുന്‍ ഉണ്ടോ എന്ന് ഒരൊറ്റ ചോദ്യമാണ്. എല്ലാവരും ഉറക്കെ ചിരിച്ചു. സ്‌മോക്കിങ് ഈസ് ഇഞ്ചൂറിയസ് ടു ഹെല്‍ത്ത് എന്ന് പറയുന്നത് കണ്ണടച്ച് കേള്‍ക്കുമ്പോള്‍ അവിടെ നമ്മള്‍ അല്ലു അര്‍ജുനെ കാണുകയാണ്.
ഇനി അല്ലു അര്‍ജുന്‍ ഗസ്റ്റ് റോളില്‍ എങ്ങാന്‍ ഉണ്ടോ, ഇനി അല്ലു അര്‍ജുന്‍ എങ്ങാന്‍ ആണോ തലവന്‍ എന്നൊക്കെ ചോദ്യം വന്നു, ആസിഫ് പറഞ്ഞു.
അല്ലു അര്‍ജുന്റെ ആര്യ, ഹാപ്പി പോലുള്ള സിനിമകള്‍ കാണുമ്പോഴൊന്നും ജിസ് ജോയ് ആണ് അദ്ദേഹത്തിന് ശബ്ദം കൊടുത്തതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരിക്കും പറഞ്ഞാല്‍ ശ്രദ്ധിച്ചിട്ടില്ല. അല്ലു അര്‍ജുന്റെ ആര്യയൊക്കെ കാണുന്ന സമയത്ത് ഇത് അല്ലുവിന്റെ ശബ്ദമല്ല എന്ന് വിശ്വസിക്കാന്‍ പറ്റില്ലായിരുന്നു.
ഇപ്പോള്‍ അല്ലു അര്‍ജുന്റെ ശബ്ദം കേള്‍ക്കുമ്പോഴാണ് നമുക്ക് ബുദ്ധിമുട്ട്. ജിസുമായി ആദ്യമായി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആണ് അല്ലുവിന് ശബ്ദം കൊടുക്കുന്ന ആള്‍ ജിസാണ് എന്ന് അറിയുന്നത്. പിന്നെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി. ജിസ് പല സിനിമകളില്‍ ചെയ്ത വോയിസിനെ പറ്റിയൊക്കെ അപ്പോഴാണ് അറിഞ്ഞത്.
ആദ്യ സിനിമ ചെയ്യുമ്പോള്‍ ഈ ശബ്ദം എനിക്കൊരു ബുദ്ധിമുട്ടായി. ലൊക്കേഷനില്‍ അല്ലു അര്‍ജുന്റെ പ്രസന്‍സ് എപ്പോഴും ഫീല്‍ ചെയ്യുമായിരുന്നു. സ്റ്റാര്‍ട്ട് ക്യാമറ എന്നൊക്കെ പറയുമ്പോള്‍ അയ്യോ എന്ന് തോന്നും, ആസിഫ് പറഞ്ഞു.
തലവന്‍ എന്ന് അല്ലു അര്‍ജുന്‍ കാണും എന്നതാണ് ഞാന്‍ ജിസിന് മുന്‍പില്‍ വെച്ചിരിക്കുന്ന ഡിമാന്റ്. ഗഫൂര്‍ക്ക ദുബായിയെ പറ്റി പറഞ്ഞപോലെ കുറേ കഥ കേട്ടിട്ടുണ്ട്. ഇത് എപ്പോള്‍ നടക്കുമെന്ന് എനിക്കൊന്ന് അറിയണം.
ജിസിന് സ്വന്തം പടം എന്ന ഫീലാണ് അല്ലുവിന്റെ സിനിമ ഇറങ്ങുമ്പോള്‍. വേറെ ആരാണെങ്കിലും ഇത്രയും സിനിമകള്‍ സംവിധാനം ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഡബ്ബ് ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്ന് ചിന്തിക്കും. പക്ഷേ പുള്ളി അത് ചിന്തിക്കില്ല. ആ പ്രൊസസ് പുള്ളി ഭയങ്കരമായി ആസ്വദിക്കുന്നുണ്ട്. ഡബ്ബിങ്ങിന് പോകുമ്പോള്‍ പുള്ളി ഒരു ഡബ്ബിങ് ആര്‍ടിസ്റ്റ് മാത്രമായിട്ടാണ് പോകുന്നത്. അതിന്റെ എല്ലാ ടെന്‍ഷനും എക്‌സൈറ്റുമെറ്റുമെല്ലാം അദ്ദേഹത്തിനുണ്ടാകും.
കൊവിഡിന്റെ കുറേ മുന്‍പ് അല്ലു അര്‍ജുന്‍ ഇവിടെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വരികയാണ്. അപ്പോള്‍ ഇവര്‍ ഇവിടുന്ന് ഹൈദരാബാദില്‍ പോയി അല്ലു അര്‍ജുനെ കൊണ്ട് ‘ഞാന്‍ വരുന്നു നിങ്ങളെ കാണാന്‍ എന്ന്’ മലയാളത്തില്‍ പറയിപ്പിച്ച് ഇവിടെ കൊണ്ടുവന്ന് ഇട്ടു കേള്‍പ്പിച്ചു.
ഇതെന്താ ഇയാളുടെ ശബ്ദം ഇങ്ങനെ ഇരിക്കുന്നത് എന്നായി ഇത് കേട്ടവര്‍. പിന്നെ വീണ്ടും ജിസ് ജോയിയെ കൊണ്ട് പറയിപ്പിച്ചപ്പോള്‍ ഇപ്പോള്‍ അല്ലു അര്‍ജുന്‍ ആയി എന്ന് എല്ലാവരും പറഞ്ഞു. നിങ്ങള്‍ ഒന്നാലോചിച്ച് നോക്കണം നാഷണല്‍ ഫിഗറായ ഒരു നടന്‍. നാഷണല്‍ ലെവലില്‍ ശ്രദ്ധ നേടിയ ഒരു നടന് കേരളത്തില്‍ മാത്രം ഐഡന്റിന്റി ക്രൈസിസ് ഉണ്ടാകുകയാണ് (ചിരി),’ ആസിഫ് പറഞ്ഞു.
Also Read: ഉള്ളൊഴുക്കിന്റെ കഥ പറയാന്‍ അര്‍ജുനെയും കൂട്ടി ഞാന്‍ നേരെ ബാറിലേക്കാണ് പോയത്: ക്രിസ്‌റ്റോ ടോമി
Content Highlight: Asif Ali About Allu Arjun Presence on Movie set