പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി അടക്കമുള്ള വമ്പന്‍ താരനിര ഉള്‍ക്കൊള്ളുന്ന ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആസിഫ് ഇപ്പോള്‍. ചിത്രത്തിന്റെ 95 ശതമാനവും തന്റെ ഷൂട്ട് രാത്രി ആയിരുന്നുവെന്നും വൈകുന്നേരം ആറുമണിയോടുകൂടി ലൊക്കേഷനിലെത്തി വെള്ളത്തില്‍ ഇറങ്ങിയാല്‍ അടുത്ത ദിവസം സണ്‍ റൈസോടുകൂടിയാണ് തിരിച്ച് കയറുക എന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എം സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ നായികാ കഥാപാത്രങ്ങളില്‍ ഒരാളായ തന്‍വി റാമും അഭിമുഖത്തില്‍ പങ്കെടുത്തു.
‘ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ഒരു ഷോട്ട് കഴിയുമ്പോള്‍ കരയിലേക്ക് കയറി വസ്ത്രങ്ങളൊക്കെ മാറ്റി, ഉണങ്ങിയ വസ്ത്രങ്ങളിട്ട് നില്‍ക്കും. പിന്നീട് ഇത് വിട്ടു. കാരണം ഇതില്‍ കാര്യം ഇല്ലെന്ന് മനസിലായി. പിന്നെയും വെള്ളത്തില്‍ തന്നെയായിരുന്നു.
മൂന്നു ദിവസത്തെ ഷൂട്ട് കഴിഞ്ഞു എനിക്ക് പനിയായിട്ട് ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. മൂന്നോ നാലോ ദിവസം ഞാന്‍ അഡ്മിറ്റായിരുന്നു. ഷോട്ടിന്റെ സമയത്ത് മഴപെയ്യും, അതിന്റെ കൂടെ പ്രൊപ്പല്ലര്‍ കൂടിയുണ്ട്. ബോഡി ഇതിന്റെ കൂടെ അഡ്ജസ്റ്റ് ആകാന്‍ സമയം വേണം.
ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ എനിക്ക് തളര്‍ച്ചപോലെ തോന്നി. ജൂഡിനോട് പറഞ്ഞപ്പോള്‍ ചൂടുവെള്ളം ഒക്കെ കുടിക്കാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എനിക്ക് വിറയല്‍ അനുഭവപ്പെട്ടു. പിന്നെ എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി, ഞാന്‍ കുറച്ച് ദിവസം ഹോസ്പിറ്റലില്‍ കിടന്നു. പിന്നെ തിരിച്ചുവന്നു, അപ്പോള്‍ അവര്‍ പറഞ്ഞു, പനി മാറിയില്ലേ ഇനി നേരെ ഇറങ്ങിക്കോ എന്നായിരുന്നു അവര്‍ പറഞ്ഞത്.
നമ്മളെ കൂടാതെ ഒരുപാടുപേര്‍ ഇതിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ചെയ്യുന്ന സമയത്ത് ഇതിന്റെ ബാക്ക്‌ഡ്രോപ്പില്‍ വരുന്ന ധാരാളം ആളുകള്‍ ഉണ്ട്.
വീട്ടില്‍ നിന്ന് രക്ഷിക്കുന്ന സീക്വന്‍സില്‍ അഞ്ചുവയസ്സുള്ള ഒരു കുട്ടിയെ കൊണ്ടുപോകുന്നുണ്ട്. ആ കുട്ടിയെ വരെ മഴ നനയിക്കുന്നുണ്ട്. ആ കുട്ടിയെ നനക്കണമെന്നോ ഉറക്കം കളയണമെന്നോ ആഗ്രഹം ഇല്ല. ഇത് കരയാതെ നോക്കണമെന്നുണ്ട്. നമുക്ക് വേറെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത്രയും ഒറിജിനല്‍ ആയിട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്’, ആസിഫ് അലി പറഞ്ഞു.