അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ആഭ്യന്തര താരം ആസിഫ് അഫ്രിദിക്കെതിരെ നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 36 വയസുകാരന്‍ ബൗളിങ് ഓള്‍ റൗണ്ടറെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയാണ് പി.സി.ബി നടപടിയെടുത്തിരിക്കുന്നത്.
പാകിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് അടക്കമുള്ള ലീഗുകളിലെയും സ്ഥിരം സാന്നിധ്യമാണ് ആസിഫ് അഫ്രിദി. പി.എസ്.എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ താരമായ അഫ്രിദി ആബോതാബാദ് ഫാല്‍ക്കണ്‍, എഫ്.എ.ടി.എ ചീറ്റാസ്, എഫ്.എ.ടി.എ റീജ്യണ്‍ എന്നിവര്‍ക്കും വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
കരിയറില്‍ 35 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 42 ലിസ്റ്റ് എ മത്സരങ്ങളും 65 ടി-20 മാച്ചുകളുമാണ് ആസിഫ് അഫ്രിദി കളിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് വേണ്ടി ഒരിക്കല്‍ പോലും കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും 2022ല്‍ ഓസീസിനെതിരായ ടി-20, ഒ.ഡി.ഐ ഹോം സീരീസിനുള്ള സ്‌ക്വാഡില്‍ താരം ഉള്‍പ്പെട്ടിരുന്നു.
അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് താരത്തിനെതിരെ വിലക്കേര്‍പ്പെടുത്തിയിരുന്നതെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്. ആര്‍ട്ടിക്കിള്‍ 2.4.10ന്റെ ഗുരുതരമായ ലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് പി.സി.ബി പറയുന്നത്.
ഏതെങ്കിലും പങ്കാളിയെ കോഡ് ഓഫ് കണ്ടക്ടിന്റെ ആര്‍ട്ടിക്കിള്‍ 2.4 ലംഘിക്കാന്‍ നേരിട്ടോ അല്ലാതെയോ പ്രേരിപ്പിക്കുക, അഭ്യര്‍ത്ഥിക്കുക, പ്രലോഭിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക അല്ലെങ്കില്‍ സഹായിക്കുക എന്നതാണ് ആര്‍ട്ടിക്കിള്‍ 2.4.10 വിശദമാക്കുന്നത്.
പി.സി.ബിയുടെ അഴിമതി വിരുദ്ധ ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.4.4ന്റെ ലംഘനമാണ് ആസിഫ് അഫ്രിദിക്ക് മേല്‍ ചുമത്തപ്പെട്ട മറ്റൊരു കുറ്റം. അഴിമതി നടത്തിയ പങ്കാളിയെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുമ്പിലും ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്‌മെന്റിന് മുമ്പിലും വെളിപ്പെടുത്തിയില്ല എന്നതാണ് ആര്‍ട്ടിക്കള്‍ 2.4.4 സൂചിപ്പിക്കുന്നത്.
ഈ രണ്ട് കാര്യങ്ങളും മുന്‍ നിര്‍ത്തിയാണ് അഫ്രിദിക്ക് നിലവില്‍ വിലക്ക് വന്നിട്ടുള്ളത്.
ഏതെങ്കിലും ഒരു താരത്തെ വിലക്കേണ്ടി വരുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരിക്കലും സന്തോഷം നല്‍കുന്ന കാര്യമല്ല എന്നായിരുന്നു പി.സി.ബി ചെയര്‍മാന്‍ നജാം സേഥിയുടെ പ്രതികരണം.
‘രണ്ട് വര്‍ഷത്തേക്ക് ഒരു അന്താരാഷ്ട്ര താരത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത് പി.സി.ബിക്ക് ഒരു തരത്തിലും സന്തോഷം നല്‍കുന്ന കാര്യമല്ല. എന്നാല്‍ ഇത്തരം കുറ്റ കൃത്യങ്ങളോട് ഒരു സഹിഷ്ണുതയും ഞങ്ങള്‍ക്കില്ല,’ പ്രസ്താവനയില്‍ സേഥി പറഞ്ഞു.
ഗെയിമിന്റെ ഗവേണിങ് ബോഡി എന്ന നിലയില്‍ ഇത്തരം സാഹചര്യങ്ങള്‍ തങ്ങള്‍ എങ്ങനെയാണ് നേരിടുക എന്നതിന്റെ ഉദാഹരണമാണ് ഇതിലൂടെ നല്‍കുന്നതെന്നും മറ്റ് താരങ്ങള്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: Asif Afridi has been banned for two years by Pakistan Cricket