ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ചയാളാണ് ആസിഫ് അലി. പിന്നീട് 15 വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ആസിഫിന് സാധിച്ചു. ഈ വര്‍ഷം ആസിഫിന്റേതായി പുറത്തിറങ്ങിയ നാല് സിനിമകളിലും താരത്തിന്റെ പെര്‍ഫോമന്‍സിനെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ കിഷ്‌കിന്ധ കാണ്ഡം ഗംഭീര വിജയമായി മാറിയിരിക്കുകയാണ്.
സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്ടാകണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ആസിഫ് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ ഹിറ്റായ സമയത്ത് ഇതുപോലെ വിമര്‍ശനം കേട്ടിരുന്നുവെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു.
സ്ലീവാച്ചന്‍ എന്ന കഥാപാത്രം കല്യാണത്തിന് ശേഷം സ്വന്തം പങ്കാളിയുമായി എങ്ങനെ ബന്ധപ്പെടണമെന്ന് അറിയാതെ മറ്റുള്ളവര്‍ പറയുന്നത് കേട്ട് അവള പീഡിപ്പിക്കുന്നതും പിന്നീട് സ്വന്തം തെറ്റ് തിരിച്ചറിയുന്നതുമാണ് സിനിമയുടെ കഥയെന്ന് ആസിഫ് പറഞ്ഞു. എന്നാല്‍ റിന്‍സി എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ കാണിക്കാത്തതിനെ പലരും വിമര്‍ശിച്ചെന്നും സിനിമ പറയാന്‍ ഉദ്ദേശിച്ചത് സ്ലീവാച്ചന്റെ കഥയായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ആസിഫ്.
‘സിനിമ പൊളിറ്റിക്കലി കറക്ടാകണം എന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് എനിക്കറിയില്ല. ആ സിനിമ ഏത് തരത്തിലുള്ള കഥയാണ് പറയുന്നതിനനുസരിച്ചാണ് അത് പൊളിറ്റിക്കലി കറക്ടാകണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. തെമ്മാടിയായിട്ടുള്ള ഒരാളുടെ കഥ പറയുമ്പോള്‍ അതില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് കാണിക്കാന്‍ പറ്റില്ലല്ലോ. കഥയുടെ സാഹചര്യത്തിനനുസരിച്ചാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. കെട്ട്യോളാണ് എന്റെ മാലാഖ റിലീസായ സമയത്ത് ഇതുപോലെ ഒരു കാര്യമുണ്ടായി.
ആ സിനിമയിലെ സ്ലീവാച്ചന്‍ എന്ന ക്യാരക്ടര്‍ കല്യാണത്തിന് ശേഷം പങ്കാളിയുമായി എങ്ങനെ ശാരീരികമായി ബന്ധപ്പെടണമെന്ന് അറിയാത്ത ഒരാളാണ്. അയാള്‍ സ്വന്തം ഭാര്യയെ പീഡിപ്പിക്കുകയും പിന്നീട് സ്വന്തം തെറ്റ് മനസിലാക്കി അവളോട് മാപ്പ് പറയുന്നതാണ് കഥ. റിന്‍സി എന്ന ക്യാരക്ടറിന്റെ മാനസികാവസ്ഥയെപ്പറ്റി പറയുന്നില്ല എന്നായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. അവരോട് പറയാനുള്ളത്, ആ സിനിമ സ്ലീവാച്ചന്റെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്ന് പറയുന്ന കഥയാണ്. അതുകൊണ്ടാണ് അങ്ങനെ കാണിച്ചത്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif about the political correctness in Kettyolaanu Ente Malakha movie